സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ച അധികം താരങ്ങൾ ഉണ്ടായിട്ടില്ല മലയാളത്തിൽ. ഈ രണ്ട് മേഖലകളിലും സജീവമായി നിൽക്കുന്ന ആളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ഭാര്യ രാധികയ്ക്ക് അടുത്ത മാസം മുതൽ 5 ലക്ഷം രൂപ ശമ്പളം കൊടുക്കും എന്ന സുരേഷ് ഗോപിയുടെ വെളിപ്പെടുത്തലാണ് ചർച്ചയാക്കുന്നത് . ഗരുഡൻ സിനിമയുടെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത് . ജോയ് മാത്യു ഭാര്യക്ക് ശമ്പളം കൊടുക്കുന്ന കാര്യം സുരേഷ് ഗോപി അറിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു . അത് വളരെ നല്ല കാര്യമാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പക്ഷം .മക്കളെ വളർത്തി വലുതാക്കി ഇവിടെ വരെ എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഭാര്യ രാധികയ്ക്ക് നൽകുകയാണ് നടൻ. ജോയ് മാത്യുവിനെ പോലെ ഭാര്യക്ക് ശമ്പളം നൽകാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ജോയ് മാത്യു ഭാര്യക്ക് അൻപതിനായിരം മാസ ശമ്പളം കൊടുക്കാറുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് സങ്കടമായിപ്പോയി, എന്റെ ഭാര്യ അതിനു സമ്മതിക്കാതിരുന്നതിന്. അവൾ വഴങ്ങുമായിരുന്നെങ്കിൽ ഞാൻ അഞ്ച് വർഷം മുൻപ് ഇത് ചെയ്തേനെ. അടുത്തമാസം മുതൽ അവൾക്ക് അഞ്ചുലക്ഷം വരെ ശമ്പളം കൊടുക്കാൻ ഞാൻ തയ്യാറാണ്. കാരണം എന്റെ മക്കളെ ഇതുവരെ, വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് വളർത്തിയെടുത്തത് രാധിക ഒറ്റയ്ക്കാണ്’, സുരേഷ് ഗോപി പറയുന്നു.ഞാൻ നാടുനീളെ ഓടി നടന്ന് സിനിമയും രാഷ്ട്രീയ പ്രവർത്തനവും എല്ലാം ചെയ്തപ്പോഴെല്ലാം അവളാണ് കുടുംബം നോക്കിയത്. അതിനിടെ ഒരുപാട് അസന്തുലിതാവസ്ഥകളുമൊക്കെ ഉണ്ടായിട്ടുണ്ട്, അതെല്ലാം സഹിച്ച് എന്റെ കുടുംബം അങ്ങനെ നിലനിർത്തിയത് രാധികയാണ്. ആ വീടിനോടാണ് ജനങ്ങൾക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ടം. അങ്ങനെയൊരു വീട് ആക്കിയെടുത്തത് രാധികയാണ്’അതുകൊണ്ട് ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്ന ശമ്പളം കൂടി കൊടുക്കും. അതേസമയം എന്റെ സ്വത്തുവകകൾ എടുത്താൽ അതിന്റെയെല്ലാം പാതി പാതി രാധികയുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്’, സുരേഷ് ഗോപി വ്യക്തമാക്കി
അച്ഛനെ ഒന്നും അറിയിക്കാതെ അമ്മ തന്നെയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് ഗോകുലും മുൻപൊരിക്കൽ പറയുകയുണ്ടായി. ‘അമ്മയ്ക്ക് വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹ്യാൻഡിൽ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല’, എന്നായിരുന്നു ഗോകുലിന്റെ വാക്കുകൾ. ഗായികയാണ് രാധിക. വിവാഹശേഷം മക്കളെ നോക്കുന്നതിനായാണ് രാധിക കരിയർ ഉപേക്ഷിച്ചത്. രാധികയും മുൻപ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.