കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ.
കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് വകുപ്പ് തല നടപടി.
കുടുക്കിമെട്ട സ്വദേശി അമൽ നൽകിയ പരാതിയിൽ കണ്ണൂർ എ.സി.പി ടി.കെ.രത്നകുമാർ അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ എസ്ഐ എൻ.പി.ജയകുമാറിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞമാസമാണ് വിവാദ സംഭവം. ബെംഗളൂരുവിൽ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽനിന്ന് രാത്രി 9.30-ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.ഐ ജയകുമാർ അവിടെ ബസിറങ്ങി.
പിന്നീട് കുടുക്കിമെട്ട ബസ്‌സ്റ്റോപ്പിൽ ചെന്നിരുന്നു. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് എസ്ഐ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നാണ് പരാതി. അതോടെ ബാഗിനായി ഇരുവരും പിടിവലിയായി.
പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിന്റെ പിതാവിനെ പോലീസുദ്യോഗസ്ഥൻ ഉന്തി തള്ളി താഴെയിട്ടു. പോലീസാണെന്ന് പറഞ്ഞ് പിന്നീട്ഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് യുവാവ് ബാഗ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി ബസിൽ ചാടിക്കയറുകയായിരുന്നു.
പിടിവലിയുടെ ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയതിനെ തുടർന്ന് കണ്ണൂർ എ.സി.പി. ടി.കെ.രത്നകുമാർ നടത്തിയ അന്വേഷണത്തിൽ എസ്ഐ തെറ്റ് ചെയ്തതായി കണ്ടെത്തി.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.