ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരുപടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാമന്ത. തന്റെ കാഴ്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും തുറന്നുകാട്ടാന്‍ താരം ശ്രമിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടുവെന്നാണ് സാമന്തയുടെ തുറന്നു പറച്ചില്‍.
”ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയപ്പെട്ടിട്ടുണ്ട് എന്നത് ഓര്‍ക്കുന്നുണ്ട്. ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ വിജയം അവര്‍ക്കൊപ്പം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതല്‍ മുന്നോട്ട് വെക്കാന്‍ സഹായിച്ചത് അവരാണ്.
എന്റെ അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അമ്മ അത് ചെയ്തില്ല. ഒരുപാട് മലയാള ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്, പക്ഷേ അതിനെല്ലാം സബ്ടൈറ്റിലുകളും ഉപയോഗിക്കും. മലയാളത്തിലെ അഭിനേതാക്കാളോട് ഏറെ ആരാധനയുള്ള ആളാണ് ഞാന്‍.
സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോള്‍ അത്ഭുതം തോന്നി. മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ താന്‍ എന്തായാലും ഭാഷ പഠിക്കും. ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ താത്പര്യമുണ്ട്.”-സമാന്ത പറഞ്ഞു.