ലണ്ടൻ: യുകെയിലെ ജനങ്ങൾക്കിടയിൽ വ്യാപകമായി വില്ലൻ ചുമ പടർന്നതോടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവിദഗ്ധർ. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ഇത്തരം കേസുകളിൽ രാജ്യത്ത് 25 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പിന്നീട് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ചുമയായി മാറുന്നു. ഇത്തരത്തിൽ 716 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തത്.
കോവിഡ് കാലത്ത് ലോക്ഡൗൺ ആയതിനാൽ അണുബാധക്ക് കുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അണുബാധ വീണ്ടും വര്ധിച്ചതായാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് വില്ലൻ ചുമ?
ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും അണുബാധയാണ് വില്ലൻ ചുമ (പെർട്ടുസിസ്). ഒരു കാലത്ത് ശിശുക്കളുടെ പ്രധാന കൊലയാളിയായിരുന്ന വില്ലൻ ചുമക്കെതിരെ 1950കളിൽ അതിനെതിരെ വാക്സിൻ വികസിപ്പിച്ചു. തുടർന്ന് അണുബാധയുടെ എണ്ണം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും വില്ലൻ ചുമ വരാം. 100 ദിവസത്തെ ചുമ ഹെർണിയ, വാരിയെല്ലുകൾക്ക് പ്രശ്നം, ചെവിയിൽ അണുബാധ, മൂത്രാശയ അണുബാധ എന്നിവക്ക് കാരണമാകുന്നു. വില്ലൻ ചുമ ബാധിച്ചാൽ ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പറയുന്നു. തീവ്രമായ ചുമ ഛർദിയിലേക്കും വ്രണത്തിലേക്കും വാരിയെല്ലുകൾ പൊട്ടിപ്പോകാനും കാരണമായേക്കും.
Read Also: തൊണ്ടയിലെ ക്യാൻസർ അറിയാതെ പോകരുത്