ഹാൻഡ്‌ഫോർത്ത്: യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. നാൽപ്പത്തിരണ്ടുകാരിയായ സീന ചാക്കോയ്ക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.
എമ്മ സ്മോൾവുഡ് (62 ) എന്ന സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിലാണ് ബ്രിട്ടനിലെ കോടതി മലയാളി യുവതിക്ക് ശിക്ഷ വിധിച്ചത്.
2023 സെപ്റ്റംബർ 14 നാണ് അപകട നടന്നത്. ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സീന ചാക്കോ ഓടിച്ചിരുന്ന വാഹനമിടിച്ച് സൈക്ലിസ്റ്റ് എമ്മ സ്മോൾവുഡ് മരിച്ച കേസിലാണ് വിധി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എമ്മ സ്മോൾവുഡിനെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ 17 നാണ് ഇവർ മരിച്ചത്.
സീന, ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവിച്ചശേഷം സീന വാഹനം നിർത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതിന് സീന ആദ്യം കുറ്റസമ്മതം നടത്തി.