അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാണാം. ഇതിന്റെ ഫലമായി കൗമാരപ്രായത്തില്‍ തന്നെ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
കൗമാരക്കാരിലെ അമിതവണ്ണത്തിന് പരിഹാരം ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കുള്ള ചുവടു മാറ്റമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. കാരണം ആരോഗ്യപ്രദായകമായ ഭക്ഷണങ്ങള്‍ക്ക് രുചി കൂടിയുണ്ടെങ്കില്‍ മാത്രമേ യുവാക്കള്‍ അത് തിരഞ്ഞെടുക്കൂ. കൗമാരക്കാര്‍ക്ക് തങ്ങളുടെ തടി കേടാക്കാതെ കഴിക്കാന്‍ പറ്റിയ ചില രുചികരമായ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.
വെജിറ്റബിള്‍ ഓംലൈറ്റ്
രണ്ട് മുട്ടയും കുറച്ച് പാലും ഒരു ബൗളില്‍ ഇതിനായി അടിച്ചെടുക്കുക. നോണ്‍ സ്റ്റിക് പാന്‍ മീഡിയം തീയില്‍ ചൂടാക്കിയ ശേഷം ഈ മിശ്രിതം പാനിലേക്ക് ഒഴിക്കുക. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അരിഞ്ഞു വച്ചിരിക്കുന്ന കൂണ്‍, സവാള, ചീര, കാപ്‌സിക്കം പോലുള്ള പച്ചക്കറികള്‍ ഇതിലേക്ക് വിതറുക. മുട്ട ഒന്ന് സെറ്റാകുന്നത് വരെ പാകം ചെയ്ത ശേഷം ഓംലൈറ്റ് നടുവില്‍ വച്ച് മടക്കുക. ആരോഗ്യകരമായ വെജിറ്റബിള്‍ ഓംലൈറ്റ് റെഡി.
അവോക്കാഡോ ടോസ്റ്റ്
ഒരു കഷ്ണം ഹോള്‍ ഗ്രെയ്ന്‍ ബ്രഡ് ടോസ്റ്റ് ചെയ്‌തെടുക്കുക. അര കഷ്ണം അവോക്കാഡോ ഉടച്ചെടുത്തത് ഈ ടോസ്റ്റിലേക്ക് പുരട്ടുക. ഏതാനും ചെറി തക്കാളികള്‍ അരിഞ്ഞ് ഇതിന് മുകളിലേക്ക് വച്ച് കുറച്ച് ഉപ്പ് വിതറി കഴിക്കാം.
പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി
ഒരു പഴുത്ത പഴം, ഒരു സ്‌കൂപ്പ് പീനട്ട് ബട്ടര്‍, ഒരു കപ്പ് ആല്‍മണ്ട് മില്‍ക്ക്, ഒരു പിടി ഐസ് എന്നിവ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി തയ്യാര്‍.
ഗ്രില്‍ ചെയ്ത ചിക്കന്‍ സാന്‍ഡ് വിച്ച്
ഒരു പാത്രത്തില്‍ യോഗര്‍ട്ട്, ജീരക പൊടി, മല്ലി പൊടി, മുളക് പൊടി, ഉപ്പ്, കുരുമുളക് എന്നിവ മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് എല്ലില്ലാത്ത രണ്ട് ചിക്കന്‍ ബ്രസ്റ്റ് പീസ് ചേര്‍ത്ത് അതില്‍ ഈ മിശ്രിതം നന്നായി പുരട്ടുക. പാത്രം അടച്ച് ഇത് മാരിനേറ്റ് ചെയ്യാന്‍ അര മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ ഫ്രിജില്‍ വയ്ക്കുക.
ഗ്രില്‍ ഒരു മീഡിയം-ഹൈ തോതില്‍ ചൂടാക്കി വച്ച ശേഷം ചിക്കന്‍ കഷ്ണം ഇതില്‍ വച്ച് വേവിക്കുക. അഞ്ച് മുതല്‍ ഏഴ് മിനിട്ട് വരെ ഓരോ വശവും പാകം ചെയ്യണം. പീറ്റ ബ്രഡും ഗ്രില്ലില്‍ വച്ച് ടോസ്റ്റ് ചെയ്യുക. ഇതിലേക്ക് ചിക്കനൊപ്പം ലെറ്റിയൂസ്, തക്കാളി, അവോക്കാഡോ എന്നിവ വച്ച് സാന്‍ഡ്വിച്ച് തയ്യാറാക്കാം.
ക്വിനോവ സാലഡ്
ഒരു കപ്പ് ക്വിനോവ പാകം ചെയ്യുക. ഇതിലേക്ക് കാരറ്റും ചെറി തക്കാളിയും സാലഡ് വെള്ളരിയും അരിഞ്ഞത് ചേര്‍ക്കുക.ഒരു പിടി ആല്‍മണ്ടും സൂര്യകാന്തി വിത്തും രുചിക്കായി ചേര്‍ക്കാം. ഇതിലേക്ക് ഒലീവ് എണ്ണ, കടുക്, ഉപ്പ്, കുരുമുളക് എന്നിവയുടെ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം.