ഇന്ത്യാന: അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യാനയില്‍ രണ്ടു കുട്ടികളുടെ മാതാവായ ആഷ്ലി സമ്മേഴ്‌സ് എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. വാരാന്ത്യം ആഘോഷിക്കാനായി ഇന്ത്യാനയിലെ ലേക്ക് ഫ്രീമാന്‍ സന്ദര്‍ശിക്കുന്നതിനിടെ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആഷ്ലി അമിതമായി വെള്ളം കുടിച്ചതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിനു പിന്നാലെ ആഷ്ലിയുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് ദാനം ചെയ്തു.
തല ചുറ്റുന്നതായും ഒട്ടും വയ്യെന്നും ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞ ആഷ്ലി, ക്ഷീണമകറ്റുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ വെള്ളം കുടിച്ചതായാണ് കുടുംബം നല്‍കുന്ന വിവരം. തുടര്‍ന്ന് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആഷ്‌ലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘വാട്ടര്‍ ടോക്‌സിസിറ്റി’യാണ് ആഷ്‌ലിയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.
”ഈ സംഭവം സത്യത്തില്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. വാട്ടര്‍ ടോക്‌സിസിറ്റിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. 20 മിനിറ്റുകൊണ്ട് നാലു കുപ്പി വെള്ളമാണ് അവള്‍ കുടിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഒരു ശരാശരി കുപ്പിവെള്ളം 16 ഔണ്‍സാണ്. അതായത് 20 മിനിറ്റുകൊണ്ട് 64 ഔണ്‍സാണ് കുടിച്ചത്. ഒരു ദിവസം കൊണ്ട് കുടിക്കേണ്ട വെള്ളത്തിന്റെ അളവാണത്’ – ആഷ്ലിയുടെ സഹോദരന്‍ ഡിവോണ്‍ മില്ലര്‍ പ്രതികരിച്ചു.
അതേസമയം, ഇത്തരത്തില്‍ അപകടമുണ്ടാകുന്നത് അസാധാരണമാണെന്ന് ആഷ്ലിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ അലോക് ഹര്‍വാനി അഭിപ്രായപ്പെട്ടു. ഒരു മണിക്കൂറില്‍ നമ്മുടെ വൃക്കയ്ക്ക് ഒരു ലീറ്റര്‍ വെള്ളം മാത്രമാണ് കൈകാര്യം ചെയ്യാനാകുക’ – ഡോക്ടര്‍ പറഞ്ഞു.