എതിരാളികൾക്ക് പുത്തൻ വെല്ലുവിളിയുമായി മഹീന്ദ്രയുടെ ചുണക്കുട്ടി രംഗത്ത്. തങ്ങളുടെ പുതിയ എക്‌സ്‍യുവി 400 പ്രോ ആണ് കമ്പനി പുറത്തിറക്കിയത്.15.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. ഈ വിലകൾ തുടക്കത്തിൽ മാത്രം ലഭ്യമാവുന്നതായിരിക്കും. 2024 മെയ് 31 വരെയുള്ള ഡെലിവറികൾക്ക് ഇത് ബാധകമാണ്. 21,000 രൂപയ്ക്ക് ആണ് ബുക്കിംഗ് നടത്തുക.വാഹനം ഫെബ്രുവരി ഒന്നു മുതൽ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളിൽ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റർ റേഞ്ചിലുമാണ് മഹീന്ദ്രയുടെ എക്‌സ് യു വി 400 പ്രൊ എത്തുന്നത്.
34.5kWh ബാറ്ററി പാക്കുമായാണ് ബേസ് മോഡലായ എക്‌സ് യു വി 400 ഇസി പ്രൊ എത്തുന്നത്. 3.3kW എസി ചാർജറും ഈ മോഡലിനുണ്ട്. ബെയിസ് മോഡലിന് രണ്ട് എയർബാഗുകൾ മാത്രമേ നൽകിയിട്ടുള്ളൂ. ഇഎൽ പ്രൊയുടെ രണ്ടു മോഡലുകളിൽ കൂടുതൽ വേഗമുള്ള 7.2kW എസി ചാർജറും 375 കിലോമീറ്റർ റേഞ്ചുള്ള 34.5kWh ബാറ്ററി പാക്കും നൽകിയിരിക്കുന്നു. കൂടുതൽ കരുത്തുള്ള 39.4kWh ബാറ്ററി പാക്കിൽ 456 കിലോമീറ്ററാണ് റേഞ്ച്. എംഐഡിസി പരിശോധിച്ച് സർട്ടിഫൈ ചെയ്തിട്ടുള്ളതാണ് വാഹനത്തിന്റെ റേഞ്ച്. ഡിസി ചാർജിങ് എക്‌സ് യു വി 400 പ്രൊ സപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.
ഏറ്റവും ഉയർന്ന ഇഎൽ മോഡലുകളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. ഹെഡ് ലാംപുകളിൽ എൽഇഡി ഡിആർഎല്ലുകളും പിന്നിൽ എൽഇഡി ലൈറ്റുകളുമുണ്ട്. ലെതർ കൊണ്ടുള്ളതാണ് ഇഎൽ വകഭേദങ്ങളിലെ സീറ്റും ഉൾഭാഗവും സ്റ്റിയറിങും. 4 സ്പീക്കറുകളും 2 ട്വീറ്റേഴ്‌സും ഉൾപ്പെടുന്ന പ്രീമിയം ഓഡിയോ സിസ്റ്റമാണ് ഇഎൽ വകഭേദത്തിലുള്ളത്. രണ്ട് 10.25 ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനുകളും ഇലക്ട്രിക്കലി ഓപറേറ്റഡ് സൺ റൂഫും ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റും വയർലസ് ചാർജറും റിവേഴ്‌സ് കാമറയും റെയിൻ സെൻസിങ് വൈപ്പറും ഓട്ടോ ഹെഡ്‌ലാംപുമെല്ലാം എക്‌സ് യു വി 400 പ്രൊയുടെ ഉയർന്ന മോഡലിലുണ്ട്.
Read Also : ഓലയുടെ കുതിപ്പിന് ബ്രേക്കിടാൻ ആതർ എനർജി; റോക്കറ്റ് സ്കൂട്ടർ ഉടനെത്തും