ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പുതിയ കോച്ചായി ആന്‍ഡി ഫ്‌ലവര്‍. ബെംഗളൂരുവിന്റെ ഡയറക്ടറായിരുന്ന മൈക്ക് ഹെസന്‍, പരിശീലകന്‍ സഞ്ജയ് ബാംഗര്‍ എന്നിവരുടെ കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ഫ്‌ലവറിന്റെ നിയമനം. ഹെസന്റെയും ബാംഗറുടെയും പ്രവര്‍ത്തനങ്ങളെ താന്‍ അംഗീകരിക്കുന്നതായി ഫ്‌ലവര്‍ പറഞ്ഞു. ഇരുവരെയും താന്‍ ബഹുമാനിക്കുന്നു. ഫാഫ് ഡുപ്ലെസിക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. താനും ഡുപ്ലെസിയും തമ്മിലുള്ള ബന്ധം വലുതാണെന്നും ഫ്‌ലവര്‍ പറഞ്ഞു.
ക്രിക്കറ്റില്‍ ഏറെ അംഗീകരിക്കപ്പെട്ട പരിശീലകരില്‍ ഒരാളാണ് ആന്‍ഡി ഫ്‌ലവര്‍. 2010 ല്‍ ട്വന്റി 20 ലോകകപ്പ്, സ്വദേശത്തും വിദേശത്തും ആഷസ്, ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം എന്നിവ ഇംഗ്ലണ്ട് നേടിയത് ഫ്‌ലവറിന്റെ കീഴിലാണ്. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഐപിഎല്‍ പ്ലേ ഓഫില്‍ എത്തിച്ചു. പാക്കിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ ജയന്റ്‌സ്, അന്താരാഷ്ട്ര ലീഗ് ട്വന്റി 20 യില്‍ ഗള്‍ഫ് ജയന്റ്‌സ് എന്നീ ടിമുകള്‍ക്കും ഫ്‌ലവര്‍ കിരീടം നേടിക്കൊടുത്തിട്ടുണ്ട്.
സിംബാബ്വെ ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്ററുമാണ് ആന്‍ഡി ഫ്‌ലവര്‍. ടെസ്റ്റില്‍ ലോക ഒന്നാം നമ്പറിലെത്തിയ ആദ്യ വിക്കറ്റ് കീപ്പറാണ്. ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ നേടിയ 232 റണ്‍സാണ് ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍. ഇടം കയ്യന്‍ ബാറ്ററായ ഫ്‌ലവറിന് ഫീല്‍ഡ് ഒരുക്കാന്‍ കഴിയാതെ നായകന്‍മാര്‍ കുഴങ്ങിയിട്ടുണ്ട്. റിവേഴ്‌സ് സ്വീപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗിച്ച താരമാണ് ഫ്‌ലവര്‍. വിരാട് കോഹ്ലിയെ പോലുള്ള മുന്‍ നിര താരങ്ങളെ അണിനിരത്തിയിട്ടും ബെംഗളൂരുവിന് ഇനിയും ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഫ്‌ലവറിന്റെ കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാവി എന്താവും എന്നാണ് ഇനി അറിയേണ്ടത്.