ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസില്‍ രാഹുലിനു പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസിലെ സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധിയെ തുടര്‍ന്ന് രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.