കോവിഡ് പാൻഡമിക്കിന്റെ സമയത്ത് ലോകജനതയെ ഏറെ സഹായിച്ച ഒരു ടൂളാണ് സൂം പോലുള്ള വീഡിയോ ഷെയറിങ് ആപ്പുകൾ. വീഡിയോ മീറ്റിങ്ങുകൾക്കും പഠനത്തിനും മറ്റുമായി ലക്ഷക്കണക്കിനാളുകൾ ആശ്രയിച്ച ഈ സംവിധാനം കോവിഡ് മാറിയിട്ടും ആളുകൾ ഇപ്പോളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏറെ ജനപ്രിയവും സഹായകാരവുമായ ഒരു സംവിധാനമാണിത് എന്നതിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതായി അടുത്തിടെ നടത്തിയ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു.
സൂം പോലുള്ള ഓൺലൈൻ ഇടപെടലുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ മസ്തിഷ്ക പ്രവർത്തനം, മുഖാമുഖ സംഭാഷണങ്ങൾ നടത്തുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായി അടിച്ചമർത്തപ്പെട്ടതായി ഗവേഷകർ കണ്ടെത്തി. “ഈ പഠനത്തിൽ, മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനം സൂമിനെ അപേക്ഷിച്ച് യഥാർത്ഥ തത്സമയ അഭിമുഖങ്ങളിൽ കൂടുതൽ സജീവമാണെന്ന് ഞങ്ങൾ കണ്ടെത്തി. കംപാരറ്റീവ് മെഡിസിന്റെയും ന്യൂറോ സയൻസിന്റെയും പ്രൊഫസറും ഇമേജിംഗ് ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന എഴുത്തുകാരനുമായ ജോയ് ഹിർഷ് പറയുന്നു.
പഠനത്തിനായി, ഹിർഷിന്റെ ടീം രണ്ട് വ്യക്തികളുടെ നേരിട്ടുള്ള ആശയവിനിമയത്തിലും ജനപ്രിയ വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായ സൂമിലെ രണ്ട് വ്യക്തികളുടെ സംഭാഷണങ്ങളിലും തലച്ചോറിന്റെ പ്രതികരണങ്ങൾ അല്ലെങ്കിൽ ന്യൂറൽ പ്രതികരണ സിഗ്നലുകൾ രേഖപ്പെടുത്തി. വ്യക്തിഗത സംഭാഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൂമിൽ ന്യൂറൽ സിഗ്നലിംഗിന്റെ ശക്തി അപകടകരമായി കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. മുഖാമുഖ ഇടപെടലുകളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ വർദ്ധിച്ച മസ്തിഷ്ക പ്രവർത്തനം, വർദ്ധിച്ച ഐ കോണ്ടാക്ട് എന്നിവ രേഖപ്പെടുത്തി. ഇവയെല്ലാം രണ്ട് തലച്ചോറിലെയും വർദ്ധിച്ചുവരുന്ന ഉത്തേജനത്തെ സൂചിപ്പിക്കുന്നു. എന്നാൽ സൂമി മീറ്റിംഗിൽ ഇത് ഗണ്യമായി കുറഞ്ഞതായും ഇവർ കണ്ടെത്തി. കൂടാതെ, വ്യക്തിപരമായി സംസാരിക്കുന്ന വ്യക്തികളുടെ മസ്തിഷ്കങ്ങൾക്കിടയിൽ കൂടുതൽ ഏകോപിതമായ ന്യൂറൽ പ്രവർത്തനം കാണപ്പെട്ടു. “മൊത്തത്തിൽ, വ്യക്തിഗത ഇടപെടലുകളിൽ സ്വയമേവ സംഭവിക്കുന്ന ചലനാത്മകവും സ്വാഭാവികവുമായ സാമൂഹിക ഇടപെടലുകൾ സൂം മീറ്റിങ്ങുകളിൽ കാണപ്പെടുന്നില്ല. നമ്മുടെ സ്വാഭാവിക സാമൂഹിക സ്വഭാവങ്ങൾക്ക് തത്സമയവും മുഖാമുഖവുമായ ഇടപെടലുകൾ എത്രത്തോളം പ്രധാനമാണെന്ന് പഠന കണ്ടെത്തലുകൾ വ്യക്തമാക്കുന്നു, ഹിർഷ് പറഞ്ഞു. ”