തമിഴകത്ത് ഏറെ ആരാധകരുള്ള നടനാണ് വിശാൽ. പലപ്പോഴായി വിമർശനങ്ങളും ഗോസിപ്പുകളിലും താരത്തെ സംബന്ധിച്ച് പുറത്തു വരാറുമുണ്ട്. കഴിഞ്ഞ ദിവസം വിശാലിനെ സംബന്ധിച്ച ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കാമുകിയ്‌ക്കൊപ്പം ന്യൂയോർക്ക് നഗരത്തിൽ കറങ്ങുന്നെന്ന തരത്തിലാണ് വിശാലിന്റെ വീഡിയോ പുറത്തു വന്നത്. യുവതിക്കൊപ്പം വിശാൽ നടന്നു പോകുന്നതും വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും മുഖം മറച്ചു ഓടുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ പലവിധ അഭ്യൂഹങ്ങളും നടനെതിരെ ഉയർന്നു വന്നു. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ.
തന്റെ ബന്ധുക്കളൊപ്പിച്ച ഒരു പ്രാങ്ക് വീഡിയോയാണ് ഇതെന്നും ഇതൊന്നും കാര്യമായി എടുക്കരുതെന്നും വിശാൽ പറയുന്നു. ന്യൂയോർക്ക് നഗരത്തിൽ വച്ചാണ് തങ്ങളെ കണ്ടതെന്ന വാർത്താമാത്രമാണ് ഇതിൽ ശരിയെന്നും ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ ഡിറ്റക്ടീവ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഊഹാപോഹങ്ങൾ മാത്രമാണെന്നും വിശാൽ എക്‌സിൽ കുറിച്ചു.
‘‘ക്ഷമിക്കണം സുഹൃത്തുക്കളേ, കഴിഞ്ഞ ദിവസം പ്രചരിച്ച വിഡിയോയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ സമയമായി എന്ന് ഞാൻ കരുതുന്നു. വീഡിയോയുടെ ലൊക്കേഷന്റെ കാര്യത്തിൽ നിങ്ങൾ കരുതിയത് സത്യമാണ്, അതെ ഞാൻ ന്യൂയോർക്കിലാണ് ഉള്ളത്. ഇത് എന്റെ കസിൻസുമായുള്ള പതിവ് അവധികേന്ദ്രമാണ്. ഒരു വർഷത്തെ തിരക്കുകൾക്ക് ശേഷം എല്ലാ വർഷവും എന്നെത്തന്നെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ട്.
പക്ഷേ വീഡിയോയുടെ പേരിൽ പ്രചരിച്ച മറ്റുകാര്യങ്ങൾ യഥാർഥത്തിൽ ക്രിസ്മസ് ദിനത്തിൽ എന്റെ കസിൻസ് ഒപ്പിച്ച തമാശയാണ്. എന്തായാലും എന്റെ കസിൻസ് സംവിധാനം ചെയ്ത പ്രാങ്ക് വീഡിയോ ലക്‌ഷ്യം കണ്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്റെ ബാല്യത്തിലേക്ക് മടങ്ങിപ്പോയി, കുട്ടിത്തമുള്ള കാര്യങ്ങൾ ചെയ്യാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്, അതൊരു നല്ല ഫീലിങ്ങാണ്. നിങ്ങൾ പറ്റിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നു. ഇതോടുകൂടി ആ വീഡിയോയെക്കുറിച്ച് നിങ്ങളുടെ ഡിറ്റക്റ്റീവ് ബുദ്ധിയിൽ കണ്ടെത്തിയ എല്ലാ ഊഹാപോഹങ്ങൾക്കു വിരാമമിടണമെന്ന് അഭ്യർഥിക്കുകയാണ്. ചില കമന്റുകൾ എന്നെ തീർച്ചയായും വേദനിപ്പിച്ചു. എന്നാലും ആരോടും പിണക്കമൊന്നുമില്ല. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു.’’–വിശാൽ പ്രതികരിച്ചു.
Read Also: ജയലളിതയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രിയത്തിൽ വിജയിച്ച ഏക നടൻ.