ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് സ്തനാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. 2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങൾ സ്തനാർബുദം മൂലമുണ്ടായി. ഇത് അർബുദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ 29 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്. നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചിലത് ഈ രോഗസാധ്യത വർധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ആ ശീലങ്ങൾ നമ്മൾ ഒഴിവാക്കുക തന്നെ വേണം.
സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മൂന്നു ശീലങ്ങൾ ഇനിപ്പറയുന്നു:
ശാരീരിക അധ്വാനത്തിന്റെ അഭാവം
തിരക്കേറിയ ജീവിതം നമ്മെ പലപ്പോഴും വ്യായാമത്തിൽ നിന്നും അകറ്റുന്നു. ഉദാസീനമായ ജീവിതശൈലി സ്തനാർബുദ സാധ്യത 15% വരെ വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ഗവേഷണം സൂചിപ്പിക്കുന്നു. നടക്കുക, യോഗ പരിശീലിക്കുക അല്ലെങ്കിൽ നൃത്തം ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ശീവേലിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം
സംസ്കരിച്ചതും അനാരോഗ്യകരവുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ഇൻറർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ നടത്തിയ ഒരു പഠനത്തിൽ, സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം സ്തനാർബുദ സാധ്യത 10% വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾക്കു പകരം , പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയതും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.
പുകവലി
പുകവലി ദോഷകരമാണെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ റിപ്പോർട്ട്, സജീവവും നിഷ്ക്രിയവുമായ (active or passive ) പുകവലിക്ക് സ്തനാർബുദ സാധ്യത 25% വർദ്ധിപ്പിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് പുകവലി ഉപേക്ഷിക്കുക എന്നുള്ളത്.
സ്തനാർബുദ സാധ്യതയുള്ളവർ ഇവരാണ്:
10 വയസ്സിനുമുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
55 വയസ്സിനുശേഷം/വളരെ വൈകി ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
50- വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ
പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ
ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ
ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ
പാലൂട്ടൽ ദൈർഘ്യം കുറച്ചവർ
ഒരിക്കലും പാലൂട്ടാത്തവർ
ആദ്യത്തെ ഗർഭധാരണം 30 വയസ്സിനുശേഷം നടന്നവർ
ഈ അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
സ്തനത്തിലുണ്ടാകുന്ന മുഴകൾ.
മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക.
സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ.
തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ.
മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ