‘റോബോട്ട് സർജൻ’ എന്ന വാക്ക് കേൾക്കുമ്പോൾ, സങ്കീർണ്ണമായ ഒരു യന്ത്രസംവിധാനം ഒരു രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതായ ചിത്രമാകും മനസ്സിൽ വരിക. എന്നാൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കലി-ഇൻസ്‌പൈർഡ് എഞ്ചിനീയറിംഗിലെ ഗവേഷകർ അതിലും അപ്പുറമാണ് ചിന്തിക്കുന്നത്. മനുഷ്യകോശങ്ങളെ തന്നെ ചെറിയ റോബോട്ടുകളാക്കി മാറ്റി, അത് മറ്റു കോശങ്ങളുടെ അസുഖങ്ങളെ ചികിൽസിച്ചു ഭേദമാക്കുന്നതായി അവർ കണ്ടെത്തി. ഈ ചെറിയ റോബോട്ടുകളെ ‘ആന്ത്രോബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്.
ഈ ആന്ത്രോബോട്ടുകളെ നിർമ്മിക്കാൻ, മനുഷ്യശ്വാസനാളത്തിന്റെ പാളിയിൽ കാണപ്പെടുന്ന കോശങ്ങളെയാണ് ഗവേഷകർ തിരഞ്ഞെടുത്തത്. ഈ കോശങ്ങൾക്ക് സിലിയ എന്ന രോമം പോലെയുള്ള ഘടനയുണ്ട്, ഇത് ദ്രാവകങ്ങളുടെ ഒഴുക്കിനെ സഹായിക്കുന്നു. ഈ ആയിരക്കണക്കിന് സെല്ലുകൾ രണ്ടാഴ്ചത്തേക്ക് ഒരു 3D മാട്രിക്സിൽ വളർത്തിയാണ് പരീക്ഷണം ആരംഭിച്ചത്. ഈ കാലയളവിൽ, കോശങ്ങൾ പെരുകുകയും ഒരുമിച്ചു ചേർന്ന് സ്ഫെറോയിഡുകൾ രൂപപ്പെടുകയും ചെയ്തു. അടുത്തതായി ഈ സ്ഫെറോയിഡുകളെ നീക്കം ചെയ്യുകയും പ്രത്യേക ലായനിയിൽ കഴുകുകയും ചെയ്തു. സിലിയ പുറത്തു വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
സിലിയ പുറത്തുവന്ന രീതിയാണ് ഈ ‘ആന്ത്രോബോട്ടുകളുടെ’ ചലനം നിർണ്ണയിച്ചത്. ചില ആന്ത്രോബോട്ടുകൾ ചെറുതും വൃത്താകൃതിയിലുള്ളതും അവയുടെ പുറം പ്രതലത്തിൽ തുല്യമായി പടർന്നിരിക്കുന്ന സിലിയയും ആയിരുന്നു. ചില ആന്ത്രോബോട്ടുകൾ ഞെരുക്കമുള്ളവയും അവയുടെ ഉപരിതലത്തിൽ സിലിയയുടെ ക്രമരഹിതമായ വിതരണവും ഉണ്ടായിരുന്നു. അത്തരം വ്യത്യാസങ്ങൾ ഈ ആന്ത്രോബോട്ടുകൾക്ക് വ്യത്യസ്ത ചലനങ്ങൾ നൽകി. ചിലർ നേർരേഖയിലും മറ്റു ചിലർ സർക്കിളുകളിലും മറ്റും നീന്തി. കേടായ മനുഷ്യ കോശങ്ങളിൽ ഈ ആന്ത്രോബോട്ടുകളുടെ പ്രവർത്തനം ഗവേഷണ സംഘം പരീക്ഷിച്ചു. കേടായ മനുഷ്യ ന്യൂറോണുകൾ ഈ ആന്ത്രോബോട്ടുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ അവസരം ഒരുക്കിയപ്പോൾ ഈ ആന്ത്രോബോട്ടുകൾ സ്വയം നീങ്ങുകയും ന്യൂറോണുകൾക്ക് സ്വയം സുഖപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ഘടനകൾ രൂപായപ്പെടുത്തുകയും ചെയ്തു എന്ന് ഗവേഷകർ പറയുന്നു. ഇവയെ ഉപയോഗിച്ച് ഭാവിയിൽ മനുഷ്യസെല്ലുകളുടെ അസുഖങ്ങൾ ഭേദപ്പെടുത്താൻ കഴയുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.