ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ, ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകളിൽ ഉണ്ടായ വർദ്ധനവിനെപ്പറ്റി റിപ്പോർട്ട് ചെയ്തിരുന്നു. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പനിയും മറ്റ് ലക്ഷണങ്ങളും കൂടാതെ, ഡെങ്കിപ്പനിയുടെ ഏറ്റവും വിഷമകരമായ അവസ്ഥയിലൊന്നാണ് അത് കൊണ്ടുവരുന്ന അസഹനീയമായ ശരീര വേദന. ഡെങ്കിപ്പനി മൂലമുണ്ടാകുന്ന ശരീര വേദന കുറയ്ക്കാൻ ലളിതവും ശാസ്ത്രീയവുമായ ചില വീട്ടു വൈദ്യങ്ങളെ പരിചയപ്പെടാം.
പപ്പായ ഇല നീര്
ശരീര വേദന ഉൾപ്പെടെയുള്ള ഡെങ്കിപ്പനി ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ പപ്പായ ഇലയുടെ സത്തിൽ ഉണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ എൻസൈമുകൾ ദഹനത്തെ സഹായിക്കുന്നു, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു, ഇവയെല്ലാം വേദന ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ എന്ന സജീവ സംയുക്തം അടങ്ങിയിരിക്കുന്നു. ഇതിന്റയെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ തടയാൻ നല്ലതാണ്. ചൂടുള്ള പാലിൽ മഞ്ഞൾ കലർത്തി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ശരീരവേദനയിൽ നിന്ന് ആശ്വാസം നൽകും.
ഉലുവ
നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഉലുവ വിത്തുകൾ, പനി കുറയ്ക്കാനും ശരീരവേദന കുറയ്ക്കാനും സഹായിക്കും. ഒരു ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക, രാവിലെ മിശ്രിതം കഴിക്കുക.
വേപ്പില
ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ് വേപ്പില. വേപ്പില തിളപ്പിച്ച് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ശമിപ്പിക്കുകയും ഡെങ്കിപ്പനി രോഗികൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
ഈ വീട്ടുവൈദ്യങ്ങൾ ഡെങ്കിപ്പനി മൂലമുണ്ടാകുന്ന ശരീര വേദനയിൽ നിന്ന് ആശ്വാസം നൽകും, ശരിയായ രോഗനിർണയത്തിനും ചികിത്സാ പദ്ധതിക്കും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. കൂടാതെ, ഡെങ്കിപ്പനി സാധ്യത കുറയ്ക്കുന്നതിന് കൊതുക് വലകളും റിപ്പല്ലന്റുകളും പോലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മറക്കരുത്.
(ഈ ലേഖനം ബോധവൽക്കരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്.ഡെങ്കിപ്പനിയുടെ ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ഒരു ഡോക്ടറെ സമീപിക്കുക.)