ന്യൂഡൽഹി: 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന ഹംസ ബിൻ ലാദൻ ഇപ്പോഴും ജീവനോടെയെന്ന് റിപ്പോർട്ട്.Hamza bin Laden, the crown prince of terror, is still alive
ഹംസ ബിൻലാദൻ അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തെന്നാണ് റിപ്പോർട്ട്. അൽ-ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ “ഭീകരതയുടെ കിരീടാവകാശി” എന്നാണ് അറിയപ്പെടുന്നത്.
ഹംസയുടെ നേതൃത്വം അൽ-ഖ്വയ്ദയെ കൂടുതൽ ശക്തമാക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ മിറർ ആണ് ഹംസ ബിൻ ലാദൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന വാർത്ത പുറത്തുവിട്ടത്.
അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിനാണ് ഹംസ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതത്രെ.
അൽ-ഖ്വയ്ദയെ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷിയുളള സംഘടനയാക്കുകയാണ് ഹംസ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു.
ലാദൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചതായി കരുതപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഇയാൾ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളൊന്നും ലഭിച്ചില്ല.
അൽ-ഖ്വയ്‌ദ അംഗങ്ങളുടെ ഇറാനിലേക്കും പുറത്തേക്കും സഞ്ചാരം സുഗമമാക്കുന്നതിന് വിവിധ അഫ്ഗാൻ പ്രവിശ്യകളിൽ ഇയാൾ സുരക്ഷിത ഭവനങ്ങൾ ഉപയോഗിക്കുന്നതായി സമീപകാല രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നുവെന്നും മിറർ റിപ്പോർട്ട് പറയുന്നു.
ഹംസയുടെ അതിജീവനം ഇറാഖ് യുദ്ധത്തിന് ശേഷമുള്ള അൽ-ഖ്വയ്ദയുടെ ഏറ്റവും ശക്തമായ പുനരുജ്ജീവനമാണെന്നും പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കമാകുമെന്ന ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.