മണമുള്ള പൂക്കളോ, പൂജാ ദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? സാമ്പ്രാണിത്തിരിപോലും ഈ ക്ഷേത്രത്തില്‍ ഉപയോഗിക്കാറില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോല്‍ക്കാവ് ദേവീക്ഷേത്രത്തിലാണ് മറ്റൊരിടത്തുമില്ലാത്ത നിരവധി അത്യപൂര്‍വ ആചാരങ്ങളുള്ളത്.
ക്ഷേത്രത്തില്‍ വാണരുളുന്ന ഭഗവതിക്ക് ഗന്ധം ഇഷ്ടമില്ലാത്തതിനാലാണത്രേ മണമുള്ള ഒരു വസ്തുവും ഉപയോഗിക്കാത്തത്. ചെത്തി, തുളസി, താമര എന്നീ പൂക്കളല്ലാതെ മറ്റൊരു പൂവും ഇവിടെ പൂജയ്ക്ക് എടുക്കുകയുമില്ല. സുഗന്ധമുളള പുഷ്പങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കാറില്ല എന്നുമാത്രമല്ല മുല്ലപ്പൂവോ, പിച്ചിപ്പൂവോ ചൂടിവരുന്ന സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനവും തീരെയില്ല. അഥവാ പൂവ് ചൂടി വരുന്നവരാണെങ്കില്‍ അത് മാറ്റിയതിനുശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ക്ഷേത്രത്തിന് ചുറ്റിലും മരങ്ങളും ചെടികളും വനംപോലെ ഇടതൂര്‍ന്നാണ് വളര്‍ന്നുനില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ മണമുളള പൂക്കള്‍ തരുന്ന ഒരു ചെടിയോ മരമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളില്‍ ദൈവാംശമുള്ളതായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ ഇവിടെയുള്ള മരങ്ങളോ അവയുടെ ശിഖരങ്ങളോ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല. അവ ദ്രവിച്ച് മണ്ണോട് ചേരുകയാണ് പതിവ്.
കൃഷ്ണ സഹോദരിയാണ് ദേവി എന്നാണ് വിശ്വാസം. അസുര രാജാവായ കംസന്‍, ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാല്‍ വധിക്കപെടുമെന്ന് അശരീരി ഉണ്ടായി. ഇതോടെ ദേവകിയെയും വസുദേവരെയും കംസന്‍ തടവിലാക്കി. എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസന്‍ പക്ഷെ ഒരു പെണ്‍കുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങള്‍ക്കുണ്ടായ ആണ്‍കുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധയ്ക്കുമുണ്ടായ പെണ്‍കുട്ടിയുമായി കൈമാറിയിരുന്നു. കംസന്‍ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആ കുഞ്ഞ് കംസന്റെ കൈയില്‍ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയര്‍ന്ന് ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാന്‍ വന്നു എന്ന വിശ്വാസത്തിനാല്‍ ‘ഇരിന്നോള്‍’ എന്ന പേര് ലഭിച്ചു. ഇരിന്നോള്‍ എന്ന പേര് കാലക്രമേണ ‘ഇരിങ്ങോല്‍’ എന്നായി മാറി എന്നാണ് കരുതുന്നത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശര്‍ക്കരയാണ്. അതിനെക്കുറിച്ചും ഐതിഹ്യമുണ്ട്. സ്വയം ഭൂ ആണ് ദേവി. തന്റെ അരിവാള്‍ മൂര്‍ച്ചകൂട്ടാന്‍ നാട്ടുകാരിലൊരാള്‍ അടുത്തുകണ്ട കല്ലില്‍ ഉരച്ചു. അപ്പോള്‍ കല്ലില്‍ നിന്ന് രക്തം പൊടിഞ്ഞു. ഭയന്നുപോയ അയാള്‍ അടുത്തുള്ള മനയിലേക്ക് ഓടിച്ചെന്ന് കാര്യം പറഞ്ഞു. അവിടെ ദേവീ ചൈതന്യമുണ്ടെന്ന് മനസിലാക്കിയ കാരണവര്‍ കിണ്ടിയില്‍ വെള്ളവും ശര്‍ക്കരയും നേദിച്ചു. അന്നുമുതലാണ് ശര്‍ക്കര ഇവിടെ പ്രധാന വഴിപാടായത്. ദ്വാദശാക്ഷരി പുഷ്പാഞ്ജലിയും ശര്‍ക്കര നിവേദ്യവുമാണ് പ്രധാനം. പുലര്‍ച്ചെ അഞ്ചരമുതല്‍ എട്ടുമണിവരെയേ ദ്വാദശാക്ഷരി ജപിക്കാറുള്ളൂ. എന്നാല്‍ ഭക്തര്‍ എപ്പോള്‍ ആവശ്യപ്പെടുന്നോ അപ്പോള്‍ ശര്‍ക്കര നിവേദ്യം നടത്തണം എന്നാണ്. ദേവിയെ ബാലികയായി സങ്കല്പിക്കുന്നതില്‍ ക്ഷേത്രത്തില്‍ വിവാഹവും നടത്താറില്ല എന്നും ഇവിടത്തെ മറ്റൊരു അപൂര്‍വതയാണ്