60 വര്‍ഷങ്ങള്‍ക്ക് മുന്നേ വംശനാശം സംഭവിച്ചു എന്ന് കരുതിയ സസ്തിനിയെ വീണ്ടും കണ്ടെത്തി. സൈക്ലോപ്‌സ് മലനിരകളില്‍ നിന്നാണ് മോണൊട്രെമ്‌സ് വിഭാഗത്തില്‍പ്പെട്ട (മുട്ടയിടുന്ന) ആറ്റൻബെറോസ് ലോങ് ബീക്ക്ഡ് എക്കിഡ്‌നയെ കണ്ടെത്തിയത്. 1961-ലാണ് ഒരു ഡച്ച് പ്രകൃതി ശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റന്‍ബെറോ ഇവയെ ആദ്യമായി കണ്ടെത്തിയത്. പിന്നീടുള്ളവരൊന്നും ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ, ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടത്തിയ പര്യവേഷണത്തില്‍ ട്രെയ്ല്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ജീവിയെ വീണ്ടും കണ്ടെത്തിയത്.
ഇവയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ നിരവധി സാഹസിക ഘട്ടങ്ങളിലൂടെയാണ് ഗവേഷകര്‍ കടന്ന് പോയത്. ഭൂകമ്പം പോലുള്ള സാഹചര്യങ്ങളെ പോലും അഭിമുഖീകരിച്ചാണ് നിര്‍ണായകമായ കണ്ടെത്തല്‍ ഗവേഷക സംഘം നടത്തിയത്. 9 ആഴ്ച നീണ്ട പര്യവേഷണത്തില്‍ 25 അംഗങ്ങളാണുണ്ടായത്. 80 വിദൂര നിയന്ത്രിത ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. നിരീക്ഷണം അവസാനിക്കുന്ന ദിവസത്തിലായിരുന്നു ക്യാമറയില്‍ എക്കിഡ്‌ന പ്രത്യക്ഷപ്പെട്ടത്. ഒരു ക്യാമറയില്‍ പതിഞ്ഞ എക്കിഡ്‌നയെ ബയോളജിസ്‌റ്റ് ജെയിംസ് കെപ്‌ടണാണു തിരിച്ചറിഞ്ഞത്.
കരുത്തേറിയ കാലുകളും മുള്ളുകള്‍ നിറഞ്ഞ ശരീരവും നീളമേറിയ ചുണ്ടുകളുമാണ് ഇവക്കുള്ളത്. മുട്ടയിടുന്ന സസ്‌തിനികളുടെ വിഭാഗത്തിലാണു എക്കിഡ്‌നകള്‍. സസ്‌തനികളുടെ വംശത്തില്‍നിന്ന് 20 കോടി വര്‍ഷം മുമ്പാണു വേര്‍പെട്ടത്. ഇവയുടെ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലുമുണ്ട്. രാത്രികാലങ്ങളിലാണ് ഈ എക്കിഡ്‌നകള്‍ പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇവയെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ഈ കണ്ടെത്തല്‍.