ലണ്ടന്‍: താരങ്ങളെ വാരിക്കൂട്ടുന്ന ചെല്‍സിയിലേക്ക് ഇതാ മറ്റൊരു സൂപ്പര്‍ താരം. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി.ലെയ്പ്സിഗില്‍ നിന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിനെ ചെല്‍സി സ്വന്തമാക്കി. ആറുവര്‍ഷത്തെ കരാറിലാണ് താരം ചെല്‍സിയിലെത്തുന്നത്.
എന്‍കുന്‍കുവിനെ ചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ കൊണ്ടുവരാനിരുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നീണ്ടുപോയി. 2029 ജൂണ്‍ വരെയാണ് എന്‍കുന്‍കുവുമായുള്ള ചെല്‍സിയുടെ കരാര്‍. 60 മില്യണ്‍ പൗണ്ടാണ് താരത്തിനായി ചെല്‍സി മുടക്കിയത്.
ഫ്രഞ്ച് താരമായ എന്‍കുന്‍കുവിന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ തുടര്‍ച്ചായി രണ്ട് വര്‍ഷം ജര്‍മന്‍ കപ്പ് സ്വന്തമാക്കാന്‍ ലെയ്പ്സിഗിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനായി 23 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 2022-2023 സീസണില്‍ ബുണ്ടസ് ലീഗ പ്ലെയര്‍ ഓഫ് ദ സീസണ്‍, ജര്‍മന്‍ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ്‍ എന്നീ പുരസ്‌കാരങ്ങള്‍ എന്‍കുന്‍കു സ്വന്തമാക്കിയിരുന്നു.
പി.എസ്.ജിയില്‍ കരിയര്‍ ആരംഭിച്ച എന്‍കുന്‍കു 2019-ലാണ് ലെയ്പ്സിഗിലെത്തിയത്. ലെയ്പ്സിഗിനായി 119 മത്സരങ്ങള്‍ കളിച്ച താരം 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ചെല്‍സിയിലെത്തിയതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും ചെല്‍സി ആരാധകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും എന്‍കുന്‍കു വ്യക്തമാക്കി.
വമ്പന്‍ താരങ്ങളെ കഴിഞ്ഞ സീസണില്‍ കൊണ്ടുവന്നിട്ടും ചെല്‍സിയ്ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12-ാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. 38 മത്സരങ്ങളില്‍ 16 തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. പുതിയ സീസണില്‍ തന്ത്രശാലിയായ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോയാണ് ചെല്‍സിയെ പരിശീലിപ്പിക്കുന്നത്.