ഭുവനേശ്വര്‍: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ കിരീടം ഉറപ്പാക്കാന്‍ സുനില്‍ ഛേത്രിയും സംഘവും ഇന്നിറങ്ങുന്നു. ഇന്ത്യ, ലെബനന്‍, മംഗോളിയ, വനൗതു എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ കിക്കോഫ് ഇന്നു വൈകിട്ട് 4.30ന്. ആദ്യ മത്സരത്തില്‍ ലെബനനും വനൗതുവും ഏറ്റുമുട്ടും.
രാത്രി 7.30ന് ഇന്ത്യയുടെ ആദ്യമത്സരം. എതിരാളികള്‍ മംഗോളിയ. 12ന് രാത്രി 7.30ന് വനൗതു, 15നു രാത്രി 7.30ന് ലെബനന്‍ എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാര്‍ 18ന് രാത്രി 7.30ന് ഫൈനലില്‍ ഏറ്റുമുട്ടും. 4 ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന ഫിഫ റാങ്കിങ് ലെബനനാണ് (99). ഇന്ത്യ 101-ാം സ്ഥാനത്താണ്. 2018ലെ ആദ്യ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. എന്നാല്‍, 2019ലെ രണ്ടാം എഡിഷനില്‍ ഇന്ത്യ ഗ്രൂപ്പില്‍ 4-ാം സ്ഥാനത്തായി.
അത്തവണത്തെ ചാംപ്യന്‍മാരായ ഉത്തര കൊറിയ ഇത്തവണ ടൂര്‍ണമെന്റിനില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നായക മികവില്‍ ഇന്ത്യ ഇത്തവണ കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഹാട്രിക് നേടിയിട്ടുള്ള ഏകതാരമാണ് ഛേത്രി. 16 കളികളില്‍ 11 ഗോളുകളുമായി ടൂര്‍ണമെന്റ് ചരിത്രത്തിലെ ടോപ് സ്‌കോററും ഛേത്രിയാണ്. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ നേതൃത്വത്തില്‍ മേയ് 15ന് ഇന്ത്യന്‍ ടീം പരിശീലന ക്യാംപ് ഭുവനേശ്വറില്‍ ആരംഭിച്ചിരുന്നു.