ബൊഗോട്ട (കൊളംബിയ): വിമാനം തകര്‍ന്ന് കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.
തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയില്‍ ആമസോണ്‍ കാടിനുമുകളില്‍വച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകര്‍ന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.