കാർ ഓടിക്കാൻ ഇഷ്ടമുള്ളവരാണ് ഇന്നത്തെ തലമുറ എന്നതിൽ തർക്കമില്ല .എന്നാൽ വില കൂടുതൽ ആയതിനാൽ പലരും കാർ വാങ്ങാൻ തയ്യാറാകാറില്ല . തുടക്കത്തിൽ മുടക്കേണ്ട തുകയും അത് പരിപാലിക്കാനുള്ള ചെലവുമെല്ലാം പരിഗണിക്കുമ്പോൾ ആണ് പലരും ആ സ്വപ്‌നം മാറ്റിവെക്കുന്നത്. എന്നാൽ ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാൻ സാധിക്കുന്ന പല പ്ലാനുകളും വാഹന നിർമാതാക്കൾ ഇന്ന് കൊണ്ട് വന്നിട്ടുണ്ട് .
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ കാറുകൾക്ക് തന്നെയാണ് ഇവിടെയും വൻ ഡിമാൻഡ് അനുഭവപ്പെടുന്നത്. 8000 ഉപഭോക്താക്കൾ വരെ സബ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ മാരുതി കമ്പനിയുടെ കാറിന് പണം നൽകാതെ ഉടമയായിട്ടുണ്ട്.
കാറിന്റെ രജിസ്‌ട്രേഷൻ ഫീസോ ഇൻഷുറൻസുകളോ ഒന്നും നൽകാതെ കമ്പനിക്ക് ഒരു നിശ്ചിത പ്രതിമാസ തുക അടച്ച് കമ്പനിയുടെ കാർ സ്വന്തം കാറായി ഉപയോഗിക്കാനാണ് സബ്‌സ്‌ക്രിപ്ഷൻ പരിപാടി ഉപഭോക്താവിനെ അനുവദിക്കുന്നത്. പരിമിത കാലം ഉപയോഗിച്ച ശേഷം കാർ കമ്പനിക്ക് തിരികെ നൽകണം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ പെട്രോളിന് പ്രതിമാസ ഫീസ് ഈടാക്കും. എന്നാൽ കാറിന്റെ അറ്റകുറ്റപ്പണികളുടെ എല്ലാ ചെലവുകളും രജിസ്‌ട്രേഷൻ ഫീസും ഇൻഷുറൻസുമെല്ലാം കാർ നിർമ്മാതാവ് അടക്കും.2020 ഒക്ടോബറിലാണ് മാരുതി തങ്ങളുടെ സബ്സ്‌ക്രിപ്ഷൻ മോഡൽ സ്‌കീം ആദ്യമായി രാജ്യത്ത് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വർഷമായി മാരുതി ഈ ഒരു സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇന്ത്യക്കാർ കാർ സബ്‌സ്‌ക്രിപ്ഷൻ സ്‌കീം നല്ലവിധം ഉപകാരപ്പെടുത്തുന്നതായാണ് മാരുതി സുസുക്കിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ശശാങ്ക് ശ്രീവാസ്തവ പറയുന്നത്.
ഭൂരിപക്ഷം ആളുകളും ചുരുങ്ങിയത് മൂന്ന് വർഷത്തെ സബ്സ്‌ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുന്നതായാണ് മാരുതി അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ 25 നഗരങ്ങളിൽ ഈ സ്‌കീമിന് കീഴിൽ മാരുതി കാറുകൾ വിതരണം ചെയ്യുന്നു. ഇതിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്. 10,000, 15,000, 20,000, 25,000 കിലോമീറ്റർ സബ്സ്‌ക്രിപ്ഷൻ മോഡലുകൾ നിലവിലുണ്ട്.
Read Also : എടുത്തുമാറ്റാവുന്ന ബാറ്ററിയുമായി ഹോണ്ട, ഇനി സവാരി അടിപൊളി