ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. എച്ച്. വിനോദ് ആണ് കമല്‍ഹാസന്റെ 233ാം ചിത്രം സംവിധാനം ചെയ്യുക. ഒരു നേതാവിനെപ്പോലെ തീപ്പന്തമേന്തി നില്‍ക്കുന്ന കമല്‍ഹാസനെ ഈ സിനിമയുടെ പ്രഖ്യാപന പോസ്റ്ററില്‍ അവതരിപ്പിക്കുന്നു. ‘റൈസ് ടു റൂള്‍’ എന്നാണ് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്നത്.
അജിത് നായകനായ ‘വലിമൈ’, ‘തുനിവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. ആര്‍. മഹേന്ദ്രനും നിര്‍മാണ പങ്കാളിയാണ്. സിനിമയുടെ പേരും അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും ഉടന്‍ പുറത്തുവിടും.
ഇന്ത്യന്‍ 2 ആണ് കമല്‍ഹാസന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം പ്രോജക്ട് കെയിലും കമല്‍ഹാസന്‍ അഭിനയിക്കുന്നുണ്ട്.