ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍താരം റോബര്‍ട്ടോ ഫിര്‍മിനോ സൗദിയിലേക്ക്. അല്‍ അഹ്ലിക്ക് വേണ്ടിയാണ് സൗദി പ്രോ ലീഗില്‍ റോബര്‍ട്ടോ കളിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണ് കരാര്‍. 31 കാരനായ റോബര്‍ട്ടോയുടെ ലിവര്‍പൂളുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചിരുന്നു. ലിവര്‍പൂളിനായി 362 മത്സരങ്ങള്‍ കളിച്ച റോബര്‍ട്ടോ 111 ഗോളുകള്‍ നേടിയിട്ടുണ്ട്. മുന്നേറ്റനിരയിലും മധ്യനിരയിലും തിളങ്ങുന്ന താരമാണ് ഫിര്‍മിനോ.
ഫിര്‍മിനോ അംഗമായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ് തുടങ്ങിയ പ്രധാന കിരീടങ്ങള്‍ നേടിയിരുന്നു. താന്‍ എപ്പോഴും വലിയ ടീമുകള്‍ക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളതെന്ന് അല്‍ അഹ്ലിയിലെത്തിയ ശേഷം ഫിര്‍മിനോ പറഞ്ഞു. ബ്രസീലിനായി 55 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫിര്‍മിനോ 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2022 ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഫിര്‍മിനോ രംഗത്തെത്തിയിരുന്നു.
യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്ന് സൗദിയിലേക്കുള്ള കളിക്കാരുടെ കൂറുമാറ്റം തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സീമ തുടങ്ങിയവര്‍ നേരത്തെ തന്നെ സൗദിയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മൗന്‍ഡി അല്‍ അഹ്ലിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോബര്‍ട്ടോയും ക്ലബിലെത്തുന്നത്.