ന്യൂഡല്‍ഹി: 26-ാംആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിനുള്ള അനുമതി താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. ഇത്രയും ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തിയത്. എന്നാല്‍ ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുന്‍പ് പരാതിക്കാരിയുടെ വാദം കോടതി വീണ്ടും കേള്‍ക്കും.
അവസാന നിമിഷത്തിലാണ് എയിംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതിയുടെ വിമര്‍ശനവും എയിസിന് കേള്‍ക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടായതെന്നും കോടതി ചോദിച്ചു. ”എന്തുകൊണ്ടാണ് ഉത്തരവിന് ശേഷം മാത്രം ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്? എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നേരത്തെ അവര്‍ സത്യസന്ധത പുലര്‍ത്താതിരുന്നത്? ഏത് കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നത്? തീര്‍ച്ചയായും അത് ഞങ്ങളല്ല.”- ജസ്റ്റിസ് ഹിമ കോലി പറഞ്ഞു.
ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. രണ്ടുകുഞ്ഞുങ്ങളുടെ അമ്മയാണെന്നും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. മൂന്നാമത്തെ കുട്ടിയെ വളര്‍ത്തുന്നതിനുള്ള ശാരീരികമോ, മാനസികമോ, സാമ്പത്തികമോ ആയ അവസ്ഥ തനിക്കില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
Also Read: ഇസ്രയേലിലെ ഇന്ത്യക്കാൻ ഈ നമ്പറുകൾ മറക്കരുത്.