ചരിത്രത്തിലാദ്യമായി ഒരു കമ്പനി ആന്‍ഡ്രോയിഡ് ഓഎസ് അപ്ഡേറ്റ് അടക്കം നല്‍കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിലിതാ ഞെട്ടാന്‍ തയാറാക്കോളൂ. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയായ പിക്സല്‍ 8 സീരിസിനാണ് 7 വര്‍ഷത്തേക്ക് അപ്ഡേറ്റ് അടക്കം നല്‍കുന്നതെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ടെക് ലോകം വലിയ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. ആദ്യമായാണ് ഒരു കമ്പനി ഇത്രയും ദീര്‍ഘകാലത്തേക്ക് അപ്ഡേറ്റ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ആപ്പിള്‍ ആയിരുന്നു നേരത്തെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ആപ്പിള്‍ അഞ്ചുവര്‍ഷത്തേക്കാണ് അപ്‌ഡേറ്റ് നല്‍കിപ്പോന്നത്. ഐഫോണ്‍ 6എസിന് ആറു വര്‍ഷം ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ അത് വിവാദത്തെ തുടര്‍ന്ന് ആയിരുന്നു.
ഇത്രയും കാലം സോഫ്റ്റ് വെയര്‍ അപ്ഡേറ്റിന്റെ കാര്യത്തില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ മുഖം തിരിച്ചാണ് നടന്നത്. എന്നാല്‍ അടുത്തിടെയാണ് സാംസങ് ചില മോഡലുകള്‍ക്ക് 5 വര്‍ഷം വരെ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ദശലക്ഷക്കണക്കിന് ഫോണുകളുടെ ചാലക ശക്തി ആന്‍ഡ്രോയിഡ് ആണെങ്കിലും, തങ്ങളുടെ പിക്സല്‍ ശ്രേണിക്ക് മാത്രമായി ഗൂഗിള്‍ ചില ഫീച്ചറുകള്‍ നല്‍കിപ്പോരുന്നുണ്ട്.
വെറും സുരക്ഷാ അപ്ഡേറ്റ് മാത്രമല്ല, ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. വേണമെന്ന് തോന്നിയാല്‍ ക്യാമറയ്ക്കു വരെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിക്കും എന്നതാണ് ഈ മാറ്റത്തിന് ടെക് ലോകം കൈയ്യടിക്കാനുള്ള കാരണം. എന്തായാലും, ഒരേ ഫോണ്‍ കൂടുതല്‍ കാലം കൈയ്യില്‍ വച്ചേക്കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചേക്കുമെന്നതും, കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇനി ഈ വഴിയില്‍ ചിന്തിച്ചേക്കുമെന്നതും ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്.
Also Read:ഐഫോണ്‍ ചുടാകല്‍: യഥാര്‍ത്ഥകാരണം ഇതാണ്