അനില സി എസ്
ജീവിതത്തിന്റെ കയ്പ് നീര് ഏറെ കുടിച്ചിട്ടും പ്രതിസന്ധി ഘട്ടങ്ങളോട് പൊരുതി ജയിച്ച ആളുകൾ ഇന്ത്യൻ സിനിമാ ലോകത്ത് നിരവധിയാണ്. അവരിൽ ഒരാളാണ് ജസ്റ്റിൻ സെൽവരാജ് എന്ന എസ് ജെ സൂര്യ. വ്യത്യസ്ത ഭാവങ്ങൾ അനായാസം വഴങ്ങുന്ന അഭ്രപാളിയിലെ അതുല്യ പ്രതിഭ. മെഗാ ഹിറ്റ് സിനിമകളായ വാലിയുടെയും ഖുഷിയുടെയും സംവിധായകൻ. നായകൻ, വില്ലൻ, നിർമാതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത് അങ്ങനെ അങ്ങനെ എസ് ജെ സൂര്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അണിയാത്ത വേഷങ്ങളില്ല. വിജയ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പു കുത്തിയിട്ടും അതിലൊന്നും തളരാതെ വീണ്ടും അദ്ദേഹം ഉയർത്തെഴുന്നേറ്റു. ഒരു ഇടവേളക്ക് ശേഷം മാർക്ക് ആന്റണിയിൽ ജാക്കി പാണ്ഡ്യൻ, മദൻ പാണ്ഡ്യൻ എന്നീ ഇരട്ട വില്ലൻ വേഷത്തിലൂടെ അദ്ദേഹം തന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തിയിരിക്കുന്നു. നായകനായ വിശാലിനെ പോലും വെല്ലുന്ന എസ് ജെ സൂര്യയുടെ കഥാപാത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം.
ഹോട്ടൽ പണിയെടുത്ത് ആരംഭിച്ച ജീവിതം
അത്ര എളുപ്പമായിരുന്നില്ല എസ് ജെ സൂര്യയെന്ന നടന്റെ ജീവിതം. തൊടുന്നതെല്ലാം ഹിറ്റ് ആക്കുന്ന, ചെയ്യുന്ന ഓരോ വേഷങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിപ്പിക്കുന്ന കഴിവ് അദ്ദേഹത്തിന് ഉണ്ട്. വില്ലനായി സ്‌ക്രീനിൽ വന്നാൽ നായകനെക്കാൾ ആളുകൾക്ക് വില്ലനോട് ഇഷ്ടം തോന്നും. ചെയ്യുന്ന ഓരോ കഥാപാത്രത്തിലും ആവർത്തന വിരസത ഒഴിവാക്കാൻ എസ് ജെ സൂര്യ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശിവാജി ഗണേശനെ റോൾ മോഡൽ ആക്കി മനസ്സിൽ കൊണ്ട് നടന്നിരുന്ന ജസ്റ്റിൻ സെൽവരാജിന് ആഗ്രഹം ഒന്നേ ഉണ്ടായിരുന്നു, എങ്ങനെ എങ്കിലും അദ്ദേഹത്തെ പോലെ ഒരു നടൻ ആകണം. അതിനായുള്ള പരിശ്രമങ്ങൾ ആയി പിന്നീട്. എന്നാൽ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല സ്വപ്നത്തിലേക്കുള്ള യാത്ര. കൊല്ലം- തെങ്കാശി അതിർത്തിയായ കോട്ടവാസലിൽ നിന്ന് ഒരു മണിക്കൂർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വാസുദേവനല്ലൂരാണ് അദ്ദേഹത്തിന്റെ ജന്മ നാട്. പട്ടണത്തിന്റെ തിരക്കുകൾ ഒന്നുമില്ലാത്ത ശാന്തമായ ഒരു പ്രദേശം, ട്രെയിൻ കേറണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി തിരുനെൽവേലിയിൽ എത്തണം. അദ്ധ്യാപകരായ ജസ്റ്റിന്റെ അച്ഛനും അമ്മയ്ക്കും മകന്റെ സിനിമാ മോഹത്തോട് താൽപര്യമുണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനു ഏറെ പ്രധാനം നൽകുന്ന ജസ്റ്റിന്റെ കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു ആദ്യ എതിർപ്പ്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പഠനം തുടരാനായി തീരുമാനിച്ചെങ്കിലും തന്റെ മോഹം കൈവിടാൻ ജസ്റ്റിൻ തയ്യാറായില്ല. അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ മരണം ജീവിത ഭാരം വർധിപ്പിച്ചു. വരുമാനത്തിനായി ഹോട്ടലിൽ ജോലിക്ക് നിന്നു. മേശ തുടച്ചും എച്ചിൽ പാത്രങ്ങൾ കഴുകിയും ഭക്ഷണം വിളമ്പിയുമെല്ലാം ജീവിക്കാനുള്ള പണം കണ്ടെത്തുമ്പോഴും സിനിമയെന്ന മോഹം അദ്ദേഹം മുറുകെ പിടിച്ചിരുന്നു. ഒപ്പം പഠിച്ചിരുന്ന പലരും ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി വരും. പുച്ഛത്തോടെയും പരിഹാസത്തോടെയുമുള്ള അവരുടെ നോട്ടങ്ങളെല്ലാം അദ്ദേഹം മൗനമായി നേരിടുകയാണ് ചെയ്തത്.
സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം
അങ്ങനെ ഇരിക്കെ 1989 ൽ പുറത്തിറങ്ങിയ “നെത്തിയടി” എന്ന സിനിമയിൽ ജസ്റ്റിന് ചെറിയൊരു വേഷം ലഭിച്ചു. തുടർന്ന് ഭാരതി രാജയുടെ “കിഴക്ക് ചീമയിലെ” എന്ന സിനിമയിലും മുഖം കാണിച്ചു. വർഷങ്ങൾക്കിപ്പുറം 1995-ൽ “ആസൈ” എന്ന സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടർ ആയി അരങ്ങേറ്റം കുറിച്ചു. ആസൈയുടെ സംവിധായകൻ വസന്ത് ആണ് ജസ്റ്റിൻ സെൽവരാജ് എന്ന പേര് മാറ്റി എസ് ജെ സൂര്യ എന്നാക്കിയത്. ആസൈയിലൂടെ നടൻ അജിത്തുമായി ഉണ്ടായ സൗഹൃദം എസ് ജെ സൂര്യയുടെ തലവര മാറ്റിയെന്ന് വേണം പറയാൻ. “വാലി” എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകന്റെ വേഷമണിയുന്നത്. വാലി സിനിമയുടെ കഥ പറയാന്‍ ബസ് കയറിയും ലിഫ്റ്റ് അടിച്ചും ഓടിക്കിതച്ച് വിയര്‍ത്തെത്തിയ സൂര്യയ്ക്ക് അജിത്ത് ഒരു ബൈക്ക് വാങ്ങി നല്‍കി. എന്റെ സംവിധായകന്‍ ഇനി ബൈക്കില്‍ സഞ്ചരിച്ചാല്‍ മതിയെന്നും പറഞ്ഞു. പല തടസ്സങ്ങളും സങ്കടങ്ങളും മറികടന്നാണ് എസ് ജെ സൂര്യ വാലി പൂർത്തിയാക്കിയത്. സിനിമയുടെ ഔട്ട് കണ്ട അജിത്ത് ചോദിച്ചു. “നിനക്ക് ഇഷ്ടപ്പെട്ട നിറം ഏതാണ്”. “സാറിന് ഇഷ്ടപ്പെട്ട നിറം ഏതാണോ, അതാണ് എന്റേതും” എന്നായിരുന്നു സൂര്യ മറുപടി നൽകിയത്. വാലി തിയറ്ററില്‍ എത്തുന്നതിന് മുന്‍പ് വെള്ള നിറത്തിലുള്ള ഒരു സാന്‍ട്രോ കാറും അജിത്ത് സൂര്യയ്ക്ക് സമ്മാനിച്ചു. എന്നാൽ വാലിയുടെ ആദ്യ രണ്ടു ദിവസങ്ങളിൽ നെഗറ്റീവ് റിവ്യൂ വന്നത് അദ്ദേഹത്തെ തളർത്തിയെങ്കിലും പിന്നീട് ഉള്ള ദിവസങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. വാലി കണ്ട പ്രൊഡ്യൂസർ എ എം രത്‌നം ആയിരുന്നു “ഖുഷി’ ചെയ്യാനായി സൂര്യക്ക് അവസരം നൽകിയത്. വിജയും ജ്യോതികയും അഭിനയിച്ച ഖുഷിയുടെ പുതുമയാർന്ന കഥാവതരണം പ്രേക്ഷക മനസ്സിൽ ഇടം നേടി.
അടുത്തടുത്ത വർഷങ്ങളിൽ ഖുഷിയുടെ തെലുങ്ക്, ഹിന്ദി വേർഷനുകൾ അദ്ദേഹം സംവിധാനം ചെയ്തു. പവൻ കല്യാൺ നായകനായ ഖുഷിയുടെ തെലുങ്ക് ചിത്രം ഹിറ്റ് ആയി മാറിയപ്പോൾ ഫർദീൻ ഖാൻ ഹീറോ ആയ ഹിന്ദിയിലെ ഖുഷി പരാജയമായിരുന്നു.
തകർച്ചയുടെ നാളുകൾ
രണ്ടു ഹിറ്റ് ചിത്രങ്ങളിലൂടെ ‘സംവിധായകൻ എസ് ജെ സുര്യ’യെന്ന സ്ഥാനം ഉറപ്പിച്ചപ്പോഴാണ് അഭിനയ മോഹം വീണ്ടും മുളപൊന്തിയത്. അങ്ങനെ സംവിധാനം ചെയ്ത “ന്യൂ” എന്ന സിനിമയിൽ നായകനായും വേഷമിട്ടു. സിമ്രാൻ, കിരൺ, ദേവയാനി എന്നിവർ നായികമാരായ ചിത്രത്തിന് സെൻസർ ബോർഡിന്റെ പല പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നു. ന്യൂ റിലീസ് ആവുകയും ഹിറ്റ് ആവുകയും ചെയ്തു. എന്നാൽ നിർമ്മാണം കൂടി ഏറ്റെടുത്തിരുന്ന എസ് ജെ സൂര്യയ്ക്ക് സിനിമയുടെ വൈകിയുള്ള റിലീസ് വലിയ സാമ്പത്തിക ബാധ്യതകൾ ആണ് വരുത്തി വെച്ചത്. അതേ കഥ തെലുങ്കിൽ മഹേഷ് ബാബുവിനെ നായകനാക്കി “നാനി” എന്ന പേരിൽ ഒരേ സമയത്ത് തന്നെ ചിത്രീകരിച്ചിരുന്നു. പക്ഷേ തെലുങ്കിൽ അതൊരു പരാജയമായി. അതിലൊന്നും തളരാത്ത അദ്ദേഹം ‘അൻപേ ആരുയിരേ’ എന്ന അടുത്ത സിനിമയും സ്വയം നിർമ്മിച്ച് നായകനായി. സിനിമ വിജയിച്ചു എങ്കിലും നിർമ്മാതാവ് എന്ന നിലയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായില്ല. അഭിനയം തുടരാമെന്ന് തീരുമാനമെടുത്ത എസ് ജെ സൂര്യയെ കാത്തിരുന്നത് വീഴ്ചകളുടെ നാളുകളായിരുന്നു. കൾവനിൻ കാതലി, വ്യാപാരി, തിരുമകൻ തുടങ്ങി നായക വേഷം ചെയ്ത സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടി. ഇതിനിടയിലാണ് സംഗീതം മുഖ്യ പ്രമേയമാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാനിടുന്നതും അതിനു എ ആർ റഹ്മാൻ്റെ പ്രോത്സാഹനം ലഭിക്കുന്നതും. എന്നാൽ അടിക്കടി പരാജയം ഏറ്റു വാങ്ങുന്ന ഒരു സംവിധായകനെ വച്ച് സിനിമ ചെയ്യാൻ നിർമ്മാതാക്കൾ ആരും തയ്യാറായില്ല. തെലുങ്കിൽ ഒരു സംവിധാന അവസരം കിട്ടിയത് വൻ പരാജയമായി മാറുകയും ചെയ്തു. അവിടെ ചീട്ടുകൊട്ടാരം പോലെ എസ് ജെ സൂര്യയുടെ തകർച്ച ആരംഭിക്കുകയായിരുന്നു.
ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ്
പരാജയങ്ങളെ തുടർന്ന് എസ് ജെ സൂര്യ അഞ്ച് വർഷത്തോളം സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷനായി. ഇക്കാലയളവിൽ സംഗീതം അഭ്യസിച്ചു. തനിക്ക് അഭിനയത്തിൽ വന്ന പിഴവുകൾ തിരുത്താനായി മഹാ നടന്മാരുടെ സിനിമകൾ വീണ്ടും കണ്ടു. സംഗീതം പ്രമേയമാക്കി ആലോചിച്ചിരുന്ന സിനിമ വീണ്ടും പൊടി തട്ടിയെടുത്തു. അങ്ങനെ 2015-ൽ എസ് ജെ സൂര്യയും സത്യരാജും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന “ഇസൈ” എന്ന സിനിമ എഴുതി സംവിധാനം ചെയ്ത് സംഗീത സംവിധാനവും നിർവ്വഹിച്ചു. തിയേറ്ററുകളിൽ വിജയം നേടിയ “ഇസൈ” അഭിനേതാവ് എന്ന നിലയിലും എസ് ജെ സൂര്യയ്‌ക്ക് സ്വീകാര്യത നേടിക്കൊടുത്തു. സിനിമ കണ്ട കാർത്തിക് സുബ്ബരാജ് തൻ്റെ “ഇറൈവി” എന്ന സിനിമയിൽ അഭിനയിക്കാനായി എസ് ജെ സൂര്യയെ തിരഞ്ഞെടുത്തു. വീഴ്ചയിൽ നിന്നൊരു ഉയർത്ത് എഴുന്നേൽപ്പായി ഇറൈവി മാറിയെന്നു വേണം പറയാൻ. തൊട്ടടുത്ത വർഷം തമിഴിലും തെലുങ്കിലുമായി രണ്ട് ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളിൽ പ്രധാന വില്ലനായി സൂര്യ വേഷമിട്ടു. സെൽവരാഘവൻ സംവിധാനം ചെയ്ത “നെഞ്ചം മറപ്പതില്ലൈ” യിലും “മോൺസ്ററി”ലും നായക വേഷം ചെയ്തു. തുടർന്ന് വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘മാനാട്’ എന്ന ചിത്രത്തിൽ നായകനായ ചിമ്പുവിനെക്കാൾ പ്രേക്ഷകർ ഏറ്റെടുത്തത് എസ് ജെ സൂര്യയുടെ ഡിസിപി ധനുഷ്കോടി എന്ന കഥാപാത്രത്തെയായിരുന്നു. മാനാടിലെ “വന്താൻ, സുട്ടാൻ, സെത്താൻ… റിപ്പീറ്റ്” എന്ന ഡയലോഗിന് കിട്ടിയ സ്വീകാര്യത കുറച്ചൊന്നുമല്ല. പിന്നീട് ഡോൺ, വാരിസ്, ബൊമ്മൈ തുടങ്ങിയ ചിത്രങ്ങൾ എസ് ജെ സൂര്യയുടെ കരിയറിലെ നാഴിക കല്ലായി മാറി. ഒടുവിൽ മാർക്ക് ആന്റണിയിലൂടെ തന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി എസ് ജെ സൂര്യ കൈവരിച്ചിരിക്കുന്നു. ഇരട്ട വില്ലൻ വേഷങ്ങളിൽ അദ്ദേഹം നിറഞ്ഞാടുകയാണ്. ‘മാനാട്’ സിനിമയിലേതു പോലെ മാർക്ക് ആന്റണിയിലും എസ്‍.ജെ. സൂര്യയുടെ ഗംഭീര കോമഡി രംഗങ്ങൾ സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ ആദ്യപകുതിയിൽ വിശാൽ നിറഞ്ഞു നിന്നപ്പോൾ രണ്ടാം പകുതിയിൽ മാനറിസങ്ങൾ കൊണ്ടും സ്ക്രീൻ സ്പേസ് കൊണ്ടും എസ്. ജെ സൂര്യ നായകനെ മറികടന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ ഗ്യാങ്സ്റ്റർ- ടെെം ട്രാവൽ ചിത്രമായ മാർക്ക് ആന്റണിയിൽ എസ് ജെ സൂര്യ അഴിഞ്ഞാടുകയാണ്.
എസ് ജെ സൂര്യയുടെ സിനിമാ ജീവിതം ഒരു സിനിമ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. വിജയ പരാജയങ്ങളുടെ സമ്മിശ്ര ലോകമാണ് സിനിമയെന്ന് അദ്ദേഹത്തിന്റെ ജീവിതം കാട്ടിത്തരുന്നു. എസ് ജെ സൂര്യയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയിരുന്നവരുടെ ചിന്ത തിരുത്തി കുറിച്ചുകൊണ്ട് അദ്ദേഹം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നു. തകർച്ചയുടെ വക്കിലെത്തിയ എസ് ജെ സൂര്യയെ വെച്ച് സിനിമ ചെയ്യാൻ സംവിധായകർ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എസ് ജെ സൂര്യയുടെ സാന്നിധ്യമുള്ള പടങ്ങളൊക്കെ സൂപ്പർ ഹിറ്റാവുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഡോൺ, വാരിസ്, തുനിവ്, മെർസൽ തുടങ്ങി ഏറ്റവുമൊടുവിൽ മാർക്ക് ആന്റണിയിലെ വരെ അദ്ദേഹത്തിന്റെ പ്രകടനം സോഷ്യൽ മീഡിയയിലെ ഈ അടക്കം പറച്ചിൽ ശരി വക്കുന്നു.
Also Read: സൗഹൃദം മുതൽ വിവാഹം വരെ; പരിനീതിയ്ക്കും രാഘവിനും ശുഭമാംഗല്യം