കൊച്ചി: സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കോവിഡ് കേസുകളിൽ വലിയ തോതിൽ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ അറിയിച്ചു.
രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവുമധികം കേസുകളുള്ളത് കേരളത്തിലാണെങ്കിലും വ്യാപനം കുറയുന്നുവെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആൾക്കൂട്ടങ്ങളിലേക്ക് മാസ്ക് ധരിക്കുക, പനി ലക്ഷണങ്ങൾ ഉള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് അകന്ന് നിൽക്കണം എന്നിവയാണ് വിദഗ്ധരുടെ നിർദേശങ്ങൾ. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എൻ വൺ വകഭേദം അവധിക്കാലത്ത് കൂടുതൽ ആളുകളെ ബാധിക്കുമെന്നാണ് ആശങ്ക.
നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും, കർണാടകയിലും കൊവിഡ് വ്യാപനമുണ്ട്. ഡൽഹിയിൽ ഓരോ ദിവസവും ശരാശരി മൂന്ന് മുതൽ നാല് വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു.