ടൊറന്റോ: കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എന്‍95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍. കാട്ടുതീയെ തുടര്‍ന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളെ ആകെ വരിഞ്ഞു മുറുക്കുമ്പോള്‍, വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ന്യൂയോര്‍ക്കില്‍ ഇന്നു മുതല്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെന്ന് ന്യൂയോര്‍ക് സിറ്റ് ആരോഗ്യ കമ്മിഷണര്‍ അശ്വിന്‍ വാസന്‍ അറിയിച്ചു.
മഹാദുരന്തത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന രീതിയിലാണ് പുക നിറഞ്ഞ മൂടല്‍മഞ്ഞ് ന്യൂയോര്‍ക്കിനെ ആകെ വിഴുങ്ങിയിരിക്കുന്നത്. പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലാണിപ്പോള്‍. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ വൈകുകയും കായിക ഇനങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോര്‍ക് സിറ്റി മേയര്‍ നിര്‍ദേശം നല്‍കി.
പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കാനഡയും അവരുടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വരും ആഴ്ചകളില്‍ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് രൂക്ഷമാകുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും നിര്‍ദേശം നല്‍കി. 160 ഓളം കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്യൂബെക്കില്‍ നിന്നാണ് കൂടുതല്‍ പുക ഉയരുന്നത്. ഇവിടെനിന്ന് 15,000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ക്യൂബെക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആല്‍ബര്‍ട്ടയിലും കാട്ടുതീ രൂക്ഷമാകുകയാണ്.
അമേരിക്കയുടെ വടക്കുകിഴക്കുള്ള നഗരങ്ങള്‍, ചിക്കാഗോ, അറ്റ്‌ലാന്റ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തോളം ആളുകള്‍ക്ക് മലിനീകരണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി(ഇപിഎ) അറിയിച്ചു. കാനഡയില്‍ മാത്രം കാട്ടുതീയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം ആളുകളെ മാറ്റിപാര്‍പ്പിക്കുകയും 3.8 മില്യന്‍ ഹെക്ടര്‍ ഭൂമി കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.