ചില കഥാപാത്രങ്ങൾ അങ്ങനെയാണ് ആഴത്തിൽ മനസ്സിൽ പതിയും.അത്തരത്തിൽ മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് മീശമാധവനിലെ സരസു .നടി ഗായത്രിയെ അടയാളപ്പെടുത്തുന്ന പ്രധാന കഥാപാത്രം. അത് കൊണ്ട് തന്നെ താരത്തിന്റെ സ്വന്തം പേരിനുപരി അവർ അറിയപ്പെടുന്നതും ആ പേരിൽ തന്നെ . ഇപ്പോഴിതാ ഗായത്രിയുടെ ചില തുറന്നു പറച്ചിലുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.
സിനിമയിലേക്ക് താനെത്തിയിട്ട് മുപ്പത് വർഷമായി . ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മീശമാധവനിലേക്ക് എത്തിയതിനെ കുറിച്ചുമാണ് നടി മനസ് തുറന്നത് . പത്ത് മൂന്നൂറോളം സിനിമകളിൽ അഭിനയിച്ചു. മൂന്ന് പതിറ്റാണ്ട് എന്നതിനെ കുറിച്ച് ഓർക്കുമ്പോൾ വലിയ കാര്യമൊന്നുമില്ല. കാരണം ഗായത്രി എന്ന നടിയെ കുറിച്ച് പറയുമ്പോൾ എന്നെ ആരും ഓർക്കില്ല. മീശമാധവനൊക്കെ പറഞ്ഞ് വരുമ്പോഴെ ഓർക്കുകയുള്ളു. പിന്നെ ആദ്യ സിനിമയിൽ കൂടെ അഭിനയിച്ചത് രണ്ട് ലെജൻഡ്സ് ആയിരുന്നു. കെപിഎസി ലളിത ചേച്ചിയും ഒടുവിൽ ഉണ്ണികൃഷ്ണനും. അവർ രണ്ട് പേരും ഈ ഭൂമിയിൽ ഇല്ല. ജഗതി ചേട്ടൻ അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നു, ഇതൊക്കെ വലിയ നഷ്ടങ്ങളാണെന്ന് ഗായത്രി പറയുന്നു.
മീശമാധവനിലേക്ക് അവസരം വന്നതെങ്ങനെയാണെന്നും ഗായത്രി പറഞ്ഞു . രാജു എന്ന പ്രൊഡക്ഷൻ കൺട്രോളർ പല സിനിമകളിലേക്കും എന്നെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ വിളിച്ചിട്ട് ലാൽ ജോസിന്റെ ഒരു സിനിമ നടക്കുന്നുണ്ട്. ദിലീപാണ് നായകൻ. പാലക്കാടാണ് ഷൂട്ട്. ഇവിടെ വന്നൊരു കഥാപാത്രം ചെയ്യാൻ പറ്റുമോന്ന് ചോദിച്ചു. വരാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ അവിടെ ചെന്നപ്പോൾ രാത്രിയാണ് എന്റെ ഷൂട്ടെന്ന് അറിഞ്ഞു.ഞാൻ ചെല്ലുമ്പോൾ ഒരു പാട്ടിന്റെ സീൻ ചിത്രീകരിക്കുകയാണ്.
എന്റെ കഥാപാത്രത്തെ കുറിച്ച് ലാൽ ജോസ് സാർ പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘ഗായത്രിയ്ക്ക് ഇപ്പോൾ ഈ കഥാപാത്രത്തിന്റെ ഇംപാക്ട് എന്താണെന്ന് മനസിലാവില്ല. ഭഗരീഥൻ പിള്ള എന്ന കഥാപാത്രം നായകന്റെ അടുത്ത് മാത്രമാണ് തോൽക്കാറുള്ളത്. അദ്ദേഹത്തിന്റെ രഹസ്യക്കാരിയാണ് ഗായത്രിയുടെ വേഷം. സ്ക്രീനിൽ വരുമ്പോഴെ അതിന്റെ വലുപ്പം മനസിലാവുകയുള്ളു. ഇപ്പോൾ നെഗറ്റീവായിട്ടൊക്കെ തോന്നുമെന്നും’, പറഞ്ഞു.അന്ന് പത്ത് ഇരുപത്തിയഞ്ച് ദിവസം ഞാൻ സീരിയലിൽ അഭിനയിക്കാറുണ്ട്. ജഗതിച്ചേട്ടനും തിരക്കിലായിരുന്നു. അതുകൊണ്ട് മീശമാധവനിലെ ഞങ്ങളുടെ ചില സീനുകൾ എടുക്കാതെ പോയിട്ടുണ്ട്. എന്റെ ഇൻട്രോ സീൻ തന്നെ റേഷൻ കടയിൽ നിന്നുള്ളതായിരുന്നു. അതൊക്കെ എടുക്കാൻ പറ്റിയില്ല. എന്നിരുന്നാലും ആ കോംബോ വിജയിക്കാൻ അത്രയും സീനുകൾ മതിയായിരുന്നു എന്നതാണ് ശ്രദ്ധേയമെന്നും ഗായത്രി കൂട്ടിച്ചേർത്തു.
Read Also : കണ്ണന് പിന്നാലെ ചക്കിയുടെയും വിവാഹനിശ്ചയം; ജയറാമിന്റെ മകൾ മാളവിക വിവാഹിതയാകുന്നു