ന്യൂയോര്‍ക്ക്: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ ന്യൂയോര്‍ക്ക് നഗരം മുഴുവന്‍ പുകയില്‍ മൂടപ്പെട്ടിരിക്കുകയാണ്. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. പുക ശമിക്കാത്തതിനാല്‍ യുഎസിലെ പല പരിപാടികളും റദ്ദാക്കി. വ്യാഴാഴ്ച ബെല്‍മോണ്ട് പാര്‍ക്കില്‍ നടത്താനിരുന്ന കുതിരയോട്ട മത്സരം(ബെല്‍മോണ്ട് പന്തയം) വേണ്ടന്നു വച്ചു. ശനിയാഴ്ച യുഎസില്‍ നടക്കുന്ന ഈ വര്‍ഷത്തെ ട്രിപ്പിള്‍ ക്രൗണിന്റെ അവസാന മത്സരത്തെയും ഇത് ബാധിച്ചേക്കാമെന്നാണ് സൂചന.
‘അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍ പരിപാടി സംഘടിപ്പിക്കുമ്പോള്‍ സുരക്ഷ പരമപ്രധാനമാണ്. ഇവിടെ ബെല്‍മോണ്ട് പാര്‍ക്കിലും സരട്ടോഗ റേസ്‌കോഴ്സിലും പരിശീലനവും റേസിംഗും പുനരാരംഭിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മത്സരം റേസിംഗ് നടത്തും. ശനിയാഴ്ചയോടെ വായുവിന്റെ ഗുണനിലവാരത്തില്‍ പുരോഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്’ എന്ന് യുഎസ് പരിശീലകന്‍ ടോം മോര്‍ലി പറഞ്ഞു.
‘താന്‍ 13 വര്‍ഷമായി ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇത് വളരെ വിചിത്രമാണ്. ബുധനാഴ്ച നഗരത്തില്‍ ശക്തമായ പുകയായിരുന്നു. അത് ഭയാനകമായിരുന്നു. കുറയുമെന്നാണ് കരുതുന്നത്’ എന്നും ടോം മോര്‍ലി പറഞ്ഞു. അതേസമയം, വായു ഗുണനിലവാര സൂചിക 200 കവിഞ്ഞാല്‍ റേസിംഗിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്ന് ഒഴിവാക്കപ്പെടുമെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്.