ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധന്‍ബാദില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ നിരവധി പ്രദേശവാസികള്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഗ്രാമീണരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിന്ദ്രി ഡിസിപി അഭിഷേക് കുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.