കൊല്‍ക്കത്ത: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 2012ല്‍ മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച സുരക്ഷാ സംവിധാനം കുറ്റകരമായ രീതിയില്‍ ഇവര്‍ അവഗണിച്ചതാണ് ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിനു കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിന്റെ ഫലം കൂടിയാണ് ഈ ദുരന്തമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ട്രെയിനുകളുടെയും ട്രാക്കുകളുടെയും സുരക്ഷയ്ക്കു പകരം ബിജെപിയുടെ ശ്രദ്ധ സമ്പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്ദേ ഭാരത് പിആര്‍ വര്‍ക്കിലും ഫോട്ടോ സെഷനുകളിലും മാത്രമാണ്. അതിന്റെ ഫലമായാണ് ഒറ്റ രാത്രികൊണ്ട് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതും 900ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതും’ – ഗോഖലെ ട്വിറ്ററില്‍ കുറിച്ചു.
”അപകടത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ട്. 2012ല്‍ അവതരിപ്പിച്ച സുരക്ഷാ സംവിധാനം തികച്ചും കുറ്റകരമായ രീതിയിലാണ് അവര്‍ അവഗണിച്ചത്. എന്തെങ്കിലും ഉത്തരവാദിത്ത ബോധമോ മനഃസാക്ഷിയോ കുറച്ചെങ്കിലും ലജ്ജയോ ഉണ്ടെങ്കില്‍ അശ്വിനി വൈഷ്ണവ് എത്രയും വേഗം സ്ഥാനമൊഴിയണം” – ഗോഖലെ കുറിച്ചു.
മോദി സര്‍ക്കാര്‍ ‘വന്ദേ ഭാരത്’ പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനവും ഗോഖലെ ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുക മാത്രമല്ല, അതെല്ലാം മോദി നേരിട്ടുതന്നെ ചെന്ന് ഉദ്ഘാടനം ചെയ്യാനും ശ്രദ്ധിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.
കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഇതുവരെ നടപ്പാക്കിയത് വെറും 2 ശതമാനം ട്രാക്കുകളില്‍ മാത്രമാണെന്നും ഗോഖലെ ചൂണ്ടിക്കാട്ടി. ഈ സംവിധാനം ഇതുവരെ സ്ഥാപിക്കാത്ത 98 ശതമാനം ട്രാക്കുകളിലൂടെയാണ് വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ബാലസോറിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.