ബാലസോര്‍ (ഒഡീഷ): ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
”ഇതൊരു വലിയ ദുരന്തമാണ്. റെയില്‍വേ, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവയ്‌ക്കൊപ്പം സംസ്ഥാന സര്‍ക്കാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മിഷണറും സ്വതന്ത്ര അന്വേഷണം നടത്തും’- അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനു റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിച്ചിരുന്നു.
ഇന്നലെ രാത്രി 7.20ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപമുണ്ടായ അപടത്തില്‍ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.