ഫ്‌ലോറിഡ: പിഎസ്ജി വിട്ട് ഇന്റര്‍ മയാമിയിലേക്ക് എത്തിയ മെസിക്ക് തന്റെ പത്താം നമ്പര്‍ ജഴ്‌സിയും തിരിച്ചുകിട്ടി. അര്‍ജന്റീനന്‍ ദേശീയ ടീമിലടക്കം ഏറെക്കാലം മെസി 10-ാം നമ്പര്‍ ജഴ്‌സിയിലാണ് കളിച്ചത്. പിഎസ്ജിയിലെയും ഇന്റര്‍ മയാമിയിലെയും മെസിയുടെ അരങ്ങേറ്റത്തിന് ജഴ്‌സി നമ്പറില്‍ ചില സാമ്യങ്ങള്‍ ഉണ്ട്. 2021 ല്‍ പിഎസ്ജിയില്‍ 30-ാം നമ്പര്‍ ജഴ്‌സിയിലാണ് മെസി അരങ്ങേറിയത്. 10-ാം നമ്പറില്‍ കളിച്ച സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ അന്ന് പിഎസ്ജി ഏകപക്ഷീയമായ രണ്ട് ഗോളിന് റെയിംസിനെ തോല്‍പ്പിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം മെസി മയാമിയില്‍ എത്തിയപ്പോള്‍ ജഴ്‌സി നമ്പറില്‍ മാറ്റം വന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട 10-ാം നമ്പറിലാണ് മെസി കളിക്കുന്നത്. ക്രൂസ് അസൂലിനെതിരെ 54-ാം മിനിറ്റില്‍ മെസി ഇറങ്ങുമ്പോള്‍ ഒരു 30-ാം നമ്പറുകാരനാണ് തിരികെ കയറിയത്. ബെഞ്ചമിന്‍ ക്രെമാഷിയെ തിരികെ വിളിച്ചാണ് ഇന്റര്‍ മയാമി ഇതിഹാസത്തെ കളത്തിലിറക്കിയത്.
അഞ്ച് വ്യത്യസ്ത നമ്പറുകളിലാണ് മെസി കരിയറില്‍ കളിച്ചിട്ടുള്ളത്. ആദ്യ സീസണുകളില്‍ 30, 19 നമ്പറുകളില്‍ മെസി ബാഴ്‌സിലോണയ്ക്ക് വേണ്ടി കളിച്ചു. പിന്നെ 13 സീസണുകളില്‍ മെസി 10-ാം നമ്പറിലാണ് കളത്തിലിറങ്ങിയത്. പിഎസ്ജിയില്‍ 10-ാം നമ്പറില്‍ മെസി കളിക്കണമെന്നായിരുന്നു ആരാധകരുടെ ആ?ഗ്രഹം. എന്നാല്‍ പ്രിയ സുഹൃത്ത് നെയ്മറിന്റെ നമ്പര്‍ വാങ്ങാന്‍ ഇഷ്ടമല്ലാതിരുന്ന മെസി 30-ാം നമ്പറില്‍ കളിച്ചു. അര്‍ജന്റീനന്‍ ദേശീയ ടീമിനായി 18,19,15 ജഴ്‌സികളിലും മെസി കളിച്ചിട്ടുണ്ട്. 2009 മുതലാണ് അര്‍ജന്റീനയ്ക്കായി മെസി 10-ാം നമ്പര്‍ ജഴ്‌സിയില്‍ കളിച്ചു തുടങ്ങിയത്.