ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. വിദ്വേഷ പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധൂരിക്ക് നിർണായക ചുമതല നൽകിയ പാർട്ടി നടപടിയിലാണ് വിമർശനം. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസ’മെന്ന ബിജെപി മുദ്രവാക്യം വെറും അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒരാൾക്ക് നിർണായക ചുമതല നൽകാൻ ബി.ജെ.പിക്ക് എങ്ങനെ സാധിക്കുന്നുവെന്നും, താണോ ന്യൂനപക്ഷങ്ങളോടുള്ള നിങ്ങളുടെ സ്നഹമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയിത്രയും ചോദിക്കുന്നു. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിജെപി എം പി വിമർശനം നടത്തിയത്.
ബിജെപി വെറുപ്പിന് സമ്മാനം നൽകിയെന്നായിരുന്നു സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് കപിൽ സിബൽ പറഞ്ഞത്. ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചായിരുന്നു ഡാനിഷ് അലിക്കെതിരെ ബിജെപി എംപിയുടെ പ്രസ്താവന. 29.5 ശതമാനം മുസ്ലിങ്ങളുള്ള ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. വിഭജിച്ച് നേട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ രമേശ് ബിധൂരി വിവാദ പരാമർശം നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ളതായിരുന്നു പരാമർശം. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നും ബിധൂരി പറഞ്ഞിരുന്നു.
Also Read: കാത്തിരിപ്പിനൊടുവില്‍ അവരെത്തി: ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍മണ്ണില്‍ പാകിസ്ഥാന്‍