News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലി ജനസാഗരം

ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലി ജനസാഗരം
July 19, 2023

തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങള്‍ക്ക് നടുവിലൂടെ. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിലാപയാത്ര കേശവദാസപുരം പിന്നിട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡില്‍ പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30ന് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ആള്‍ക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീര്‍ക്കടലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രിയ നേതാവിനെ ഒരുനോക്കു കാണാന്‍ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സെന്റ് ജോര്‍ജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആള്‍ക്കൂട്ടം ആര്‍ത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാള്‍ക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തില്‍നിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.

ചൊവ്വാഴ്ച ൈവകിട്ട് മൂന്നു മണിയോടെത്തന്നെ ജനങ്ങള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഏഴു മണിയോടെ ക്യൂ ദര്‍ബാര്‍ ഹാളില്‍നിന്ന് നബാര്‍ഡ് ഓഫിസ് വരെ നീണ്ടു. ഹാളിലെ ഇരുവാതിലുകളിലൂടെയും ആളുകള്‍ അകത്തേക്ക് കയറിയതോടെ നിയന്ത്രണങ്ങള്‍ പാളി. ഫാനുകളില്ലാത്ത ഹാളില്‍ ജനം ഉരുകിയൊലിച്ചു. പൊതുദര്‍ശനം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് ഇരിക്കാന്‍ കസേര ലഭിച്ചത്. ബെംഗളൂരുവില്‍ മുന്‍ കര്‍ണാടക മന്ത്രി അന്തരിച്ച ടി.ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എം.കെ.സ്റ്റാലിന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനം. ആള്‍ക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവര്‍ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.

1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം (12 തവണ) പുതുപ്പള്ളി എംഎല്‍എയായ ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കൂടുതല്‍ കാലം നിയമസഭാ സാമാജികനെന്ന റെക്കോര്‍ഡ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദര്‍ശനം. 1943 ഒക്ടോബര്‍ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മന്‍ ചാണ്ടി, ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മുത്തച്ഛന്‍ വി.ജെ.ഉമ്മന്റെ പാത പിന്തുടര്‍ന്നാണു രാഷ്ട്രീയത്തിലെത്തിയത്. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റില്‍ കുടുംബാംഗംവും കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏണ്‍സ്റ്റ് ആന്‍ഡ് യങ്, ടെക്‌നോപാര്‍ക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോണ്‍ഗ്രസ് നാഷനല്‍ ഔട്ട്‌റീച് സെല്‍ ചെയര്‍മാന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍: പുലിക്കോട്ടില്‍ കുടുംബാംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, തിരുവല്ല പുല്ലാട് ഓവനാലില്‍ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും.

 

Related Articles
News4media
  • Kerala
  • Top News

വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ

News4media
  • Kerala
  • News

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

News4media
  • Kerala
  • News

സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന...

News4media
  • Featured News
  • Kerala
  • News

ഉദുമ മുൻ എംഎൽഎ സി പി എം മുൻ ഏരിയ സെക്രട്ടറിയും ഉൾപ്പെടെ 14 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ ഇന്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital