തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന് വിട ചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വര്‍ഷവും തലസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. കര്‍മ്മമണ്ഡലമായ തിരുവനന്തപുരത്തുനിന്ന് അവസാന യാത്ര പറയുമ്പോള്‍ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓര്‍മ്മയ്ക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന് പേരിട്ട ഉമ്മന്‍ ചാണ്ടി അവസാനമായി ആ പടിയിറങ്ങുമ്പോള്‍ ഓരോ മിഴികളും സജലമായി. രാഷ്ട്രീയ സാംസ്‌കാരിക സിനിമാ രംഗത്തുള്ളവരെല്ലാം അദ്ദേഹത്തെയൊന്ന് കാണാന്‍ തിരുവനന്തപുരത്തെത്തി. ഏറ്റവും ജനകീയനായ നായകനെ വിട്ടുപോകാനാകാതെ പുതുപ്പള്ളി വീടിന് മുന്നില്‍ നിന്ന് ആളുകളൊഴിയുന്നില്ല. രാത്രി ഏറെ വൈകിയും ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍, മണി സി കാപ്പന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി വി എന്‍ വാസവന്‍, നടന്‍ ജഗദീഷ് തുടങ്ങി നിരവധി പേര്‍ രാവിലെ പുതുപ്പള്ളി വീട്ടിലേക്കെത്തി. പുതുപ്പള്ളി വീട്ടില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് മരണാനന്തര ശുശ്രൂഷകള്‍ നല്‍കി. ഇന്നലെ വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ ശരീരം അവസാനമായൊന്ന് കാണാന്‍ എത്തിയത് വലിയ ആള്‍ക്കൂട്ടമാണ്. അവിടം മുതല്‍ ഉമ്മന്‍ ചാണ്ടിയെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു തലസ്ഥാന നഗരിയില്‍. ദര്‍ബാര്‍ ഹാളിലും ഇന്ദിരാ ഭവനിലുമായി ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തെ കണ്ട് കണ്ണീരോടെ പടിയിറങ്ങിയത്.
മരിക്കില്ല ഉമ്മന്‍ ചാണ്ടി, മരിച്ചിട്ടില്ല ഉമ്മന്‍ ചാണ്ടി എന്ന മുദ്രാവാക്യം വിളികളോടെയാണ് ആയിരങ്ങള്‍ അദ്ദേഹത്തെ യാത്രയാക്കുന്നത്. ആള്‍ക്കൂട്ടം അടുത്തുണ്ടായിട്ടും അറിയാനാകാതെ ചേതനയറ്റ് കിടക്കുന്ന ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തിന് പരിചിതമല്ലല്ലോ. അവര്‍ക്കറിയുന്ന അവരെ അറിയുന്ന ഉമ്മന്‍ ചാണ്ടി പുഞ്ചിരിച്ച മുഖത്തോടെ വിശ്രമമില്ലാതെ ഓടി നടക്കുന്നയാളാണ്. ഇടയ്ക്കിടയ്ക്ക് തലസ്ഥാനത്തുനിന്ന് കോട്ടയത്തേക്ക്, പുതുപ്പള്ളിയിലേക്ക് പോയി വന്നിരുന്ന യാത്രകള്‍ പോലെയല്ല, ഉമ്മന്‍ ചാണ്ടി ഇനി തിരിച്ചുവരില്ല. ഈ സത്യം ഉള്‍ക്കൊള്ളാനാകാതെയാണ് ഓരോരുത്തരും വിതുമ്പുന്നത്. ആള്‍ക്കൂട്ടത്തെ തനിച്ചാക്കി, ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തോട് യാത്ര പറയുന്നു…