ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി 20 യിൽ 3-1 ന്റെ ആധികാരിക വിജയത്തിൽ പരമ്പര സ്വന്തമാക്കിയ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അവസാന മത്സരത്തിലും ജയം നേടി കരുത്തു തെളിയിക്കാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, നാണക്കേടിൽ നിന്ന് ആശ്വാസം നേടാൻ ഓസീസിന് വിജയം അനിവാര്യമാണ്. ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
പ്രധാനമായും രണ്ട് മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും തുടര്‍ന്നേക്കും. രണ്ട് പേരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയടക്കം നേടിയപ്പോൾ സെഞ്ച്വറിയോടെയാണ് റുതുരാജ് മിന്നും പ്രകടനം കാഴ്ച വെച്ചത്. ആദ്യ മൂന്നു മത്സരങ്ങളിൽ വിശ്രമത്തിലിരുന്ന ശ്രേയസ് അയ്യർ നാലാം മത്സരത്തിലാണ് ടീമിനൊപ്പം ചേർന്നത്. എന്നാൽ താരത്തിന്റെ പ്രകടനം മോശമായിരുന്നു. എങ്കിലും ശ്രേയസ് തുടരാനാണ് സാധ്യത. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെക്കുന്നത്.
അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിന് വിശ്രമം അനുവദിച്ചേക്കും. പരമ്പരയിലുടെനീളം ഗംഭീര പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. നാലാം മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം കാഴ്ചവെക്കാന്‍ റിങ്കു സിങ്ങിനായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ റിങ്കുവിന് അവസരം നല്‍കി ഫിനിഷര്‍ റോളില്‍ ശിവം ദുബെക്ക് അവസരം നല്‍കിയേക്കും. ശിവം ദുബെയെ ഇന്ത്യ ആദ്യ നാല് മത്സരത്തിലും കളിപ്പിച്ചിരുന്നില്ല. വലിയ ഇടവേളക്ക് ശേഷമാണ് ദുബെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യ പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെയെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും. സ്പിന്നിനേയും പേസിനേയും നേരിടാന്‍ ഒരുപോലെ മിടുക്കുകാട്ടുന്ന താരമാണ് ദുബെ.
ആറാം നമ്പറില്‍ ജിതേഷ് ശര്‍മ തുടരും. വിക്കറ്റ് കീപ്പറായ ജിതേഷ് നാലാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം നല്‍കി താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിന് വിശ്രമം അനുവദിച്ച് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദറിന് നാല് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. അക്ഷര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ കളിയിലെ താരമായിരുന്നു. എട്ടാം നമ്പറില്‍ ദീപക് ചഹാര്‍ തുടരും. പേസ് ഓള്‍റൗണ്ടറായ ദീപക് വലിയ ഇടവേളക്ക് ശേഷമാണ് നാലാം ടി20 കളിച്ചത്. ഫോമിലേക്കെത്താന്‍ താരത്തിന് കൂടുതല്‍ അവസരം നല്‍കിയേക്കും. രവി ബിഷ്‌നോയ് ഒമ്പതാം നമ്പറില്‍ സ്പിന്നറായുണ്ടാവും. തകര്‍പ്പന്‍ പ്രകടനം ആണ് ബിഷ്‌നോയും കാഴ്ചവെക്കുന്നത്. ആവേശ് ഖാനും മുകേഷ് കുമാറും പേസ് നിരയില്‍ തുടരും. ഇന്ന് രാത്രി ഏഴുമണിക്ക് ബെംഗളൂരുവിൽ വെച്ചാണ് മത്സരം.
Read Also: 03.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ