മലപ്പുറം: മലപ്പുറം തിരൂരില്‍ നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫര്‍ഹാന ഷിബിലിയുടെ പെണ്‍സുഹൃത്താണ്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമന്‍. ഇതില്‍ ഷിബിലിക്ക് പ്രായം 22 വയസ് മാത്രമാണ്. ഫര്‍ഹാനയ്ക്ക് 18 വയസ്സും.
ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫര്‍ഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ഈ മൂന്നു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.
അട്ടപ്പാടിക്കു സമീപം അഗളിയില്‍ നടക്കുന്ന പൊലീസ് തെളിവെടുപ്പിനായി ആഷിക്കിനെ കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികള്‍ ഇവിടെ ഉപേക്ഷിക്കുമ്പോള്‍ കാറില്‍ ആഷിക്കുമുണ്ടായിരുന്നു.
സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍നിന്നായി പണം പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഏതാണ്ട് മുഴുവന്‍ തുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.