കറാച്ചി: മൂന്നു ബില്ല്യന്‍ യുഎസ് ഡോളറിന്റെ രക്ഷാപദ്ധതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ അടക്കം പിന്തുണ ഐഎംഎഫ് തേടിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐഎംഎഫ് പിന്തുണയില്‍ നടക്കാനിരിക്കുന്ന പദ്ധതിക്കുള്ള പിന്തുണയ്ക്കായാണു പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ഐഎംഎഫ് പ്രതിനിധി എസ്തര്‍ പെരസ് റുയിസ് പ്രസ്താവനയില്‍ പറഞ്ഞു.
നവംബറോടു കൂടി പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കും. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് – നവാസ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ മൂന്നു ബില്ല്യന്‍ ഡോളറിന്റെ വായ്പ ഐഎംഎഫില്‍നിന്ന് ഉറപ്പാക്കിയിരുന്നു. ജൂലൈ 12നു ചേരുന്ന ഐഎംഫ് ബോര്‍ഡ് ഇതില്‍ അംഗീകാരം നല്‍കും.
യുഎന്‍ ആഭിമുഖ്യത്തില്‍ വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹായ ഏജന്‍സിയാണ് ഐഎംഎഫ്. പ്രസിഡന്റ് അയ്യൂബ് ഖാന്റെ ഭരണകാലം മുതല്‍ക്കുള്ള ആറില്‍പ്പരം ദശകങ്ങള്‍ക്കിടയില്‍ സഹായത്തിനുവേണ്ടി പാക്കിസ്ഥാന്‍ ഐഎംഎഫിന്റെ മുന്‍പാകെ കൈനീട്ടുന്നത് ഇത് 23ാം തവണയാണ്. അക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ലോകത്ത് ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.