തിരുവനന്തപുരം: യാതൊരു പരിശോധനകളും കൂടാതെയാണ് തമിഴ്‌നാട് അതിര്‍ത്തി കടന്ന് തിരുവനന്തപുരത്തേക്ക് അറവുമാടുകള്‍ എത്തുന്നത്. ഇഞ്ചിവിളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ അറവുമാടുകളുമായി വണ്ടികളെത്തുമ്പോള്‍ പരിശോധന ഉണ്ടാകാറില്ല. ചെക്ക് പോസ്റ്റ് ഒഴിവാക്കി മറ്റു വഴികളിലൂടെയും അറവുമാടുകള്‍ തലസ്ഥാനത്തേക്ക് എത്തുന്നുണ്ട്.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പടന്താലുംമൂട് കാലിച്ചന്തയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് അറവുമാടുകളില്‍ ഏറെയും എത്തുന്നത്. കാലികളുടെ വില പറഞ്ഞുറപ്പിച്ച് വായുപോലും കടക്കാത്ത അടച്ച ഗുഡ്‌സ് വാഹനത്തില്‍ കുത്തിനിറച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. കേരള അതിര്‍ത്തിയില്‍ ആദ്യം പൊലീസ് ചെക്ക് പോസ്റ്റാണ്. പരിശോധനയുള്ളതുകൊണ്ട് കാലികളുമായെത്തിയ വാഹനം അവിടെ നിര്‍ത്തും. പക്ഷെ മൃഗങ്ങളുടെ രോഗം പരിശോധിക്കേണ്ടത് പൊലീസല്ല, മൃഗ സംരക്ഷണ വകുപ്പാണ്.
നിയമം പാലിച്ചുകൊണ്ടാണെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിലൂടെയാണ് കാലികളെ കൊണ്ട് പോകേണ്ടത് . മാടുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മൃഗ ഡോക്ടര്‍ ഉറപ്പാക്കിയാല്‍ മാത്രമേ അറവുമാടുകളുമായുള്ള വാഹനത്തിന് കേരളത്തിലേക്ക് കടക്കാനാകൂ. എന്നാല്‍ ഇതൊന്നും ഈ ചെക്ക് പോസ്റ്റില്‍ നടക്കുന്നില്ല.
ജനത്തിന് എത്തിക്കേണ്ടത് രോഗമില്ലാത്ത അറവുമാടുകളായിരിക്കണം എന്ന് ഉറപ്പുവരുണ്ടേ മൃഗ സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ അത് ചെയ്യാറില്ല.