തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളില്‍ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്.
പരമശിവനെ പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ രൂപത്തില്‍ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങള്‍ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം (അഗ്‌നി), കാളഹസ്തി (വായു), ചിദംബരം (ആകാശം) എന്നിവയാണ്.
ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പുനര്‍ജന്മം ഉണ്ടാകില്ല എന്നാണ് വിശ്വാസം.
ശിവലിംഗത്തിന് വലതു ഭാഗത്ത് ഉയരം കുറഞ്ഞ ഒരു ചെറിയ വഴിയിലൂടെയാണ് ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത്. പുറത്തേക്കിറങ്ങുന്നതും ഒരു ചെറിയ വഴിയിലൂടെയാണ്.
അകത്തേക്ക് കുനിഞ്ഞു കയറി നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്നു. ബാല്യം, യൗവനം, വര്‍ദ്ധക്യം എന്ന മൂന്ന് അവസ്ഥകളെയാണ് ഈ പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്.
പഞ്ചഭൂതങ്ങളില്‍ ഭൂമിയെയാണ് ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്.
ക്ഷേത്രത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച് ഐതിഹ്യം പറയുന്നത് ഇങ്ങനെ – പാര്‍വതി ദേവി വേഗാവതി നദീ തീരത്തെ മാവിന്‍ ചുവട്ടിലിരുന്ന് തപസ്സു ചെയ്യുകയായിരുന്നു. പാര്‍വതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനായി ശിവന്‍ അഗ്‌നിയെ പാര്‍വതിക്കു നേരെ അയച്ചു. ദേവി മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു പാര്‍വതിയുടെ രക്ഷയ്‌ക്കെത്തുകയും ചെയ്തു. പാര്‍വതിയുടെ തപം ഭംഗപ്പെടുത്തുവാനായി ശിവന്‍ പിന്നെ ഗംഗയെയാണ് അയച്ചത്. തന്റെ സഹോദരിക്ക് തുല്യയാണെന്ന് ദേവി എന്ന് കരുതിയ ഗംഗ പാര്‍വതിയുടെ തപസ്സ് തടഞ്ഞില്ല. ഉമയ്ക്ക് ശിവനോടുള്ള ഭക്തിയും ആദരവും മനസ്സിലാക്കിയ പരമശിവന്‍ ദേവിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
വേഗാനദി കരകവിഞ്ഞൊഴുകിയപ്പോള്‍ ശിവ ലിംഗത്തിന് തകരാറ് വന്നാലോ എന്ന് വിചാരിച്ച് ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരന്‍. ശിവനെ ദേവിയുടെ ആലിംഗനത്തില്‍ ഉരുകിയ ഭഗവാന്‍ എന്ന് വിശേഷിപ്പിക്കുന്നു.
ഏകാംബരേശ്വര ക്ഷേത്ര സമുച്ചയം 23 ഏക്കറിലാണ് നില്‍ക്കുന്നത്. ക്ഷേത്ര ഗോപുരങ്ങളാണൊരു ആകര്‍ഷണം. ക്ഷേത്രത്തിന്റെ രാജ ഗോപുരത്തിന് 59 മീ ഉയരമുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളില്‍ ഒന്നാണിത്. ആയിരംകാല്‍ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാണ് ഇത് പണിതീര്‍ത്തത്. ക്ഷേത്രകുളം കമ്പൈ തീര്‍ഥം എന്നറിയപ്പെടുന്നു. കാഞ്ചീപുരത്തെ മറ്റുക്ഷേത്രങ്ങളിലെ പോലെ പാര്‍വതിക്ക് പ്രത്യേകമായി ശ്രീകോവില്‍ ഇല്ല. കാമാക്ഷി അമ്മന്‍ കോവിലിലെ ദേവി ഏകാംബരേശ്വരന്റെ അര്‍ധാംഗിയാണെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഇവിടെ ദേവിക്ക് പ്രത്യേകം ശ്രീ കോവില്‍ ഇല്ലാത്തത്. വിഷ്ണുവിന്റെ ഒരു ചെറിയ ശ്രീ കോവില്‍ ക്ഷേത്രത്തിനകത്തുണ്ട്.
നാല് ഗോപുരങ്ങള്‍ അഥവാ ഗേറ്റ്വേ ടവറുകള്‍ ഇവിടെയുണ്ട് .11 നിലകളും 192 അടി ഉയരവുമുള്ള തെക്കേഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരങ്ങളില്‍ ഒന്ന്. ഏകാംബരേശ്വരര്‍, നിലത്തിങ്ങല്‍ തുണ്ടം പെരുമാള്‍ എന്നിവരുടേതാണ് ഏറ്റവും പ്രധാനം. ക്ഷേത്ര സമുച്ചയത്തില്‍ നിരവധി ഹാളുകള്‍ ഉണ്ട്. വിജയനഗരകാലത്ത് നിര്‍മ്മിച്ച ആയിരം തൂണുകളുള്ള ഹാള്‍ ആണ് ഏറ്റവും ശ്രദ്ധേയം .
ഒമ്പതാംനൂറ്റാണ്ടില്‍ ചോളരാജവംശ കാലത്താണ് ഇന്നത്തെ കൊത്തുപണി നിര്‍മ്മിച്ചത്. പിന്നീട് വിപുലീകരണങ്ങള്‍ വിജയനഗര ഭരണ കാലത്തെയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ക്ഷേത്രത്തിന്റെ പരിപാലനവും ഭരണവും നടത്തുന്നു.
പൂജാരിമാര്‍ ബ്രാഹ്‌മണ ഉപജാതിയായ ശൈവസമുദായക്കാരാണ്. ദിവസവും ആറ്തവണ പൂജ. രാവിലെ 5:30 ന് ഉഷത്കാലം, 8:00 ന് കലശാന്തി, 10:00 ന് ഉച്ചിക്കളം, 6:00 ന് സായരക്ഷൈ, രാത്രി 8:00 ന് ഇരണ്ടാംകളം, രാത്രി 10:00 ന് അര്‍ദ്ധജാമം.
മണല്‍ക്കൂന ലിംഗമായതിനാല്‍ പീഠത്തിലാണ് ശുദ്ധിക്രിയകള്‍ നടത്തുന്നത്. നാഗസ്വരം ,തകില്‍ , പുരോഹിതര്‍ വായിക്കുന്നവേദങ്ങളിലെ മതപരമായ നിര്‍ദ്ദേശങ്ങള്‍ ,ക്ഷേത്ര കൊടിമരത്തിന് മുന്നില്‍ ആരാധകര്‍ സാഷ്ടാംഗ പ്രണാമം എന്നിവയ്ക്കിടെയാണ് ആരാധന നടക്കുന്നത്.
ആത്മീയ മോചനത്തിനായി തീര്‍ത്ഥാടനം നടത്തേണ്ട ഏഴ് പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് കാഞ്ചീപുരം. വരദരാജ പെരുമാള്‍ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം എന്നിവ കാഞ്ചീപുരത്തെ പ്രധാന ക്ഷേത്രങ്ങളാണ്. മഹാ വിഷ്ണുവിന്റെ നൂറ്റിയെട്ട് ക്ഷേത്രങ്ങളില്‍ പതിനഞ്ചെണ്ണം കാഞ്ചീപുരത്താണ് . കാഞ്ചിപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണീ ക്ഷേത്രം.