ചെന്നൈ: സമ്മര്‍ദഘട്ടങ്ങളില്‍ പോലും ഗ്രൗണ്ടില്‍ ശാന്തസ്വഭാവം കൈവിടാതിരിക്കുന്നതിന്റെ പേരില്‍ ക്യാപ്റ്റന്‍ കൂളെന്നു വിളിപ്പേരുള്ളയാളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. ഗ്രൗണ്ടില്‍ താരം ദേഷ്യപ്പെട്ടു കണ്ടത് അപൂര്‍വമായി മാത്രമാണ്. വൈകാരികമായ മുഹൂര്‍ത്തങ്ങളെ കൂളായി നേരിടുന്നതാണു ധോണിയുടെ രീതി. എന്നാല്‍ ഒരിക്കല്‍ ധോണി കരയുന്നതു താന്‍ കണ്ടിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായിരുന്ന ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തി.
ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു സംസാരിക്കവെയാണ് ഹര്‍ഭജന്‍ സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു കഥ ഞാന്‍ നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു. 2018ല്‍ രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു തിരിച്ചുവന്നപ്പോള്‍ ഒരു ഡിന്നറുണ്ടായിരുന്നു. പുരുഷന്‍മാര്‍ കരയില്ലെന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ അന്നു രാത്രി ധോണി കരയുന്നതു ഞാന്‍ കണ്ടു.”- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
”അന്ന് വളരെ വൈകാരികമായാണു ധോണി പ്രതികരിച്ചത്. ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് എനിക്കു തോന്നുന്നത്.”- ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. സംഭവം സത്യമാണോയെന്ന് ചര്‍ച്ചയില്‍ കൂടെയുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരം ഇമ്രാന്‍ താഹിറിനോടും ഹര്‍ഭജന്‍ സിങ് ചോദിക്കുന്നുണ്ട്. ആ രംഗം കണ്ട് ധോണിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി എത്രത്തോളം അടുപ്പമുണ്ടെന്നു താന്‍ മനസ്സിലാക്കിയതായി ഇമ്രാന്‍ താഹിര്‍ വെളിപ്പെടുത്തി.
”അപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ധോണിക്ക് അതു വളരെ വൈകാരികമായ നിമിഷമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോണി സ്വന്തം കുടുംബത്തെപ്പോലെയാണു കാണുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം തിരികെയെത്തിയ ചെന്നൈ കിരീടം നേടി. വയസ്സന്‍മാരുടെ ടീമെന്നാണു ഞങ്ങളെ വിളിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍ ഐപിഎല്‍ വിജയിച്ചു.”- ഇമ്രാന്‍ താഹിര്‍ പറഞ്ഞു.