ലക്‌നൗ: മേയ് ആദ്യവാരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി- ലക്‌നൗ മത്സരത്തിനിടെ വിരാട് കോലിയും ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറും തമ്മില്‍ തര്‍ക്കിച്ചതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മുന്‍പ് ലക്‌നൗ ടീം ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ ഗംഭീറും വിരാട് കോലിയും 45 മിനിറ്റോളം സംസാരിച്ചെന്നും, ദിവസങ്ങള്‍ക്കു ശേഷം ഇരുവരും ഗ്രൗണ്ടില്‍ തര്‍ക്കിക്കുന്നതുകണ്ട് ലക്‌നൗ താരങ്ങള്‍വരെ ‘ഞെട്ടിപ്പോയെന്നും’ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 10 ന് എവേ മത്സരം കളിക്കുന്നതിനായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍ ബെംഗളൂരുവിലെത്തിയിരുന്നു. ഈ സമയത്ത് ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറും അസിസ്റ്റന്റ് കോച്ച് വിജയ് ദഹിയയും ബാംഗ്ലൂര്‍ ക്യാപ്റ്റനോട് 45 മിനിറ്റോളം സംസാരിച്ചു. മൂന്നു പേരും സംസാരത്തിനു ശേഷം സന്തോഷത്തോടെയാണു പിരിഞ്ഞതെന്നാണു റിപ്പോര്‍ട്ടുകള്‍. പിന്നീടു മേയ് ഒന്നിനു ലക്‌നൗവില്‍ നടന്ന പോരാട്ടത്തിനു ശേഷം ഗ്രൗണ്ടില്‍വച്ച് കോലിയും ഗംഭീറും തര്‍ക്കിക്കുന്നതുകണ്ട ലക്‌നൗ ടീമംഗങ്ങള്‍ക്കു വിശ്വസിക്കാനായില്ല.
മേയ് ഒന്നിലെ മത്സരത്തില്‍ വിരാട് കോലി ലക്‌നൗ താരങ്ങളോടു മോശമായി പെരുമാറിയതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നാണു വിവരം. ലക്‌നൗ താരം കൈല്‍ മേയര്‍സ് പുറത്തായപ്പോള്‍ കോലി പരിഹസിച്ചെന്നും, പിന്നീട് നവീന്‍ ഉള്‍ ഹഖിനെ ഷൂസിന്റെ അടിയിലെ പുല്ല് എടുത്തുകാട്ടി കോലി അപമാനിച്ചെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ‘ഞാനാരെന്ന് നിനക്ക് അറിയില്ലെന്ന്’ കോലി നവീനോടു പറഞ്ഞത്രെ. നവീന്റെ തലയ്ക്കു നേരെ പന്തെറിയാന്‍ കോലി സിറാജിനോട് ആവശ്യപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കോലി നിഷേധിച്ചിട്ടുണ്ട്. സിറാജിനോടു ബൗണ്‍സര്‍ എറിയാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണു കോലിയുടെ നിലപാട്. നവീന്‍ ഉള്‍ ഹഖിന്റെ പെരുമാറ്റത്തെക്കുറിച്ച് കോലി ലക്‌നൗ മാനേജ്‌മെന്റിനെ പരാതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ താരങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍, ലക്‌നൗ താരങ്ങളെ പിന്തുണയ്‌ക്കേണ്ടിവരുമെന്നാണ് ഗംഭീറിന്റെ നിലപാട്.