ന്യൂഡല്‍ഹി: ഇന്ന് ഭാരതം എന്താണ് ചിന്തിക്കുന്നതെന്ന് അറിയാന്‍ ലോകം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
‘എന്തുകൊണ്ടാണ് നാം ലോകത്തിന് വാക്സിനുകള്‍ നല്‍കിയതെന്ന് അവിടെയുള്ള ജനങ്ങള്‍ എന്നോട് ചോദിച്ചു, ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ്, ഞങ്ങള്‍ ശത്രുക്കളെ പോലും പരിപാലിക്കുന്നു. ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാന്‍ ഇന്ന് ലോകം ആഗ്രഹിക്കുന്നു.
എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലോകത്തിന്റെ കണ്ണുകളിലേക്കാണ് നോക്കുന്നത്. രാജ്യത്ത് കേവല ഭൂരിപക്ഷത്തോടെ നിങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചതുകൊണ്ടാണ് ഈ ആത്മവിശ്വാസം ലഭിച്ചത്. ഇവിടെ വന്നവര്‍ ഇന്ത്യയെ സ്നേഹിക്കുന്നവരാണ്’- ജനങ്ങളോടായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘തമിഴ് ഭാഷ നമ്മുടെ ഭാഷയാണ്. ഇത് ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണ്. ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ്. ‘തിരുക്കുറല്‍’ എന്ന പുസ്തകത്തിന്റെ ടോക് പിസിന്‍ വിവര്‍ത്തനം ചെയ്ത പുസ്തകം പാപുവ ന്യൂ ഗിനിയയില്‍ പ്രകാശനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചു’വെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജപ്പാന്‍, പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും പാര്‍ട്ടി നേതാക്കളും ഹാരമണിയിച്ചാണ് സ്വീകരിച്ചത്.