ന്യൂഡല്‍ഹി: ബിജെപി എംപിയും റസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നില്‍ അഞ്ച് നിബന്ധനകള്‍ വച്ചു. റസ്‌ലിങ് ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുമാണ് പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം പാര്‍ലമെന്റ് ഉദ്ഘാടന സമയത്ത് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് ഫയല്‍ ചെയ്ത കേസ് ഒഴിവാക്കണം. അതുപോലെ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും മന്ത്രിക്കു മുന്നില്‍ താരങ്ങള്‍ വീണ്ടും ഉന്നയിച്ചു.
സമരം നയിക്കുന്ന ബജ്‌റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്നു രാവിലെ ഠാക്കൂറുമായി ചര്‍ച്ച നടത്തിയത്. അനുരാഗ് ഠാക്കൂറിന്റെ വസതിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നു മന്ത്രി രാത്രി വൈകി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലെ പ്രധാന മുഖമായ വിനേഷ് ഫോഗട്ട് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഹരിയാനയിലെ വിനേഷിന്റെ ഗ്രാമമായ ബലാലിയില്‍ നേരത്തെ തീരുമാനിച്ച പഞ്ചായത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്നാണ് വിവരം.