ഭുവനേശ്വര്‍: ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പളുകള്‍ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികള്‍ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കമ്മിഷണര്‍ വിജയ് അമൃത് കുലങ്കെ പറഞ്ഞു.
‘മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ. തിരിച്ചറിയാനാകാത്തതിനാല്‍ ഒരു മൃതദേഹത്തിനു തന്നെ പല അവകാശികള്‍ എത്തുന്നുണ്ട്.’- വിജയ് അമൃത് കുലങ്കെ പറഞ്ഞു.
ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ തുടങ്ങിയ സെന്ററില്‍ തിങ്കളാഴ്ച 20 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ട്രെയിന്‍ അപകടത്തിലെ മൊത്തം മരണ സംഖ്യ 288 ആണെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. 193 മൃതദേഹങ്ങള്‍ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇനി മൃതദേഹങ്ങള്‍ വിട്ടു നല്‍കൂ എന്നും അധികൃതര്‍ അറിയിച്ചു.