ന്യൂഡല്‍ഹി: റഷ്യയിലെ മഗദാനില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍, എയര്‍ ഇന്ത്യ പകരം ഏര്‍പ്പെടുത്തിയ പുതിയ വിമാനത്തില്‍ യുഎസിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.27നാണ് വിമാനം റഷ്യയിലെ മഗദാനില്‍നിന്ന് പറന്നുയര്‍ന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 12.15ന് വിമാനം സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ എത്തുമെന്നാണ് അറിയിപ്പ്. സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം വിമാനത്താവളത്തില്‍ ഒരുക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ മണിക്കൂറുകളോളം റഷ്യയിലെ മഗദാനില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു.
216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം ചൊവ്വാഴ്ചയാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു മഗദാനില്‍ ഇറക്കിയത്. ഇവരെ സമീപത്തെ സ്‌കൂളിലും ഡോര്‍മറ്ററിയിലുമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വിമാനത്തില്‍ 40 ല്‍ ഏറെ അമേരിക്കന്‍ പൗരന്മാരുമുണ്ട്. യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കു റഷ്യയുടെ ആകാശവിലക്ക് ഉള്ളതിനാല്‍ ഇവര്‍ ആശങ്കയിലാണെന്നു സഹയാത്രികര്‍ അറിയിച്ചിരുന്നു. ഭാഷാപരമായ പ്രശ്‌നങ്ങളും പരിചിതമല്ലാത്ത ഭക്ഷണവും മോശം താമസ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെയാണ് ഇവരെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ അയച്ച പകരം വിമാനം ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മഗദാനിലേക്കു പോയത്. തകരാറിലായ വിമാനം നന്നാക്കുന്നതിനുള്ള സാമഗ്രികളുമായി എന്‍ജിനീയര്‍മാരും ഈ വിമാനത്തിലുണ്ടായിരുന്നു. മഗദാനിലെത്തിയ വിമാനം യാത്രക്കാരെ കയറ്റി പുലര്‍ച്ചെയോടെ യുഎസിലേക്കു പോയതായി എയര്‍ ഇന്ത്യ അറിയിച്ചു.