യോസു: ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാഗ്യ ജോഡികളുടെ തേരോട്ടം തുടരുന്നു. കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സ്വാതിക് സായ്രാജ് റങ്കിറഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം. ഇന്തോനേഷ്യന്‍ സംഘത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ട ഇന്ത്യന്‍ സഖ്യം ശക്തമായി തിരിച്ചുവരുകയായിരുന്നു. സ്‌കോര്‍ 17-21, 21-13, 21-14. ആദ്യമായാണ് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സ്വാതിക് – ചിരാഗ് സഖ്യം സ്വന്തമാക്കുന്നത്.
ആദ്യ ഗെയിമില്‍ ഇന്തോനേഷ്യന്‍ സഖ്യം അനായാസം മുന്നേറി. ഒരു ഘട്ടത്തില്‍ 10-19 ന് അലിഫാന്‍ – അര്‍ഡിയാന്റോ സഖ്യം മുന്നിലെത്തി. അവിടെ നിന്നാണ് ഇന്ത്യയുടെ പോരാട്ടം തുടങ്ങിയത്. അഞ്ച് പോയിന്റ് തുടര്‍ച്ചയായി നേടിയ ഇന്ത്യ പോയിന്റ്‌നില 15-19 എന്നാക്കി മാറ്റി. എങ്കിലും ആദ്യ ഗെയിം 17-21 എന്ന് വിട്ടുകൊടുക്കാനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിധി. 19 മിനിറ്റില്‍ ഇന്തോനേഷ്യന്‍ സംഘം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യം 7-6 എന്ന് ഇരു സംഘവും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ആധിപത്യമാണ് കണ്ടത്. 21-13 ന് ഇന്ത്യ ഗെയിം സ്വന്തമാക്കി. ഗെയിം സ്വന്തമാക്കാന്‍ 22 മിനിറ്റായിരുന്നു പോരാട്ടം നീണ്ടത്.
മൂന്നാം ഗെയിമില്‍ നേരിയ മുന്‍തൂക്കത്തിലായിരുന്നു ഇന്ത്യന്‍ സഖ്യം മുന്നേറിയത്. ഇന്ത്യ 11 പോയിന്റ് നേടുമ്പോള്‍ ഇന്തോനേഷ്യ എട്ട് പോയിന്റുമായി തൊട്ടുപിന്നില്‍. ആവേശം ജനിപ്പിച്ച നിമിഷമായിരുന്നു പിന്നീട് കൊറിയന്‍ ഓപ്പണില്‍. വിജയം ലക്ഷ്യമാക്കി മുന്നേറിയ ഇന്ത്യന്‍ സഖ്യം 21-14 ഗെയിം സ്വന്തമാക്കി. സീസണില്‍ സ്വാതിക്- ചിരാഗ് സഖ്യത്തിന്റെ മൂന്നാം കിരീടമാണിത്. മുമ്പ് സ്വിസ് ഓപ്പണും ഇന്തോനേഷ്യന്‍ ഓപ്പണും സ്വാതിക് – ചിരാഗ് സഖ്യം സ്വന്തമാക്കിയിരുന്നു.